കൊല്ലത്ത് നിന്ന് കാണാതായ വിദ്യാർഥികളുടെ മൃതദേഹം ശാസ്താംകോട്ട തടാകത്തിൽ
Friday, September 27, 2024 2:44 PM IST
കൊല്ലം: പൂയപ്പള്ളിയിൽ നിന്നു കാണാതായ വിദ്യാർഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
മൈലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബിൻ ഷാ എന്നിവരുടെ മൃതദേഹമാണ് തടാകത്തിൽ കണ്ടെത്തിയത്. തടാകത്തില്‍ ഒഴുകിനടക്കുന്ന നിലയിലായിരുന്ന മൃതദേഹങ്ങൾ പോലീസെത്തി കരയ്ക്കെത്തിച്ചു.
കൊട്ടാരക്കര ബോയ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ഷെബിൻ ഷാ. ഓടനാവട്ടം കെആർജിപിഎം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു ദേവനന്ദ.
വ്യാഴാഴ്ചയാണ് സ്കൂളില്‍ പോയ ദേവനന്ദയെ കാണാതായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് പോലീസില്‍ പരാതി നല്കി. ഇതിനിടെയാണ് ഷെബിന്‍ ഷായെയും കാണാതായതായി പരാതിയുയർന്നത്.
വ്യാഴാഴ്ച വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്നാണ് ഇന്ന് ശാസ്താംകോട്ട തടാകത്തില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൂയപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.