അയർലൻഡിലേക്ക് വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി
Friday, September 27, 2024 2:04 PM IST
ഇരിട്ടി: അയർലൻഡിലേക്ക് വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ കരിക്കോട്ടക്കരി പോലീസ് കേസെടുത്തു. വള്ളിത്തോട് സെന്റ് ജൂഡ്നഗർ സ്വദേശി അജിയുടെ പരാതിയിൽ കരിക്കോട്ടക്കരി പാറയ്ക്കാപാറ സ്വദേശി ബിജോയ്ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ഭാര്യക്കൊപ്പം അയർലൻഡിൽ ജോലി ചെയ്തിരുന്ന ബിജോയ് അയർലൻഡിലെ കാറ്ററിംഗ് സ്ഥാപനത്തിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് അജിയിൽനിന്നും മൂന്നു സുഹൃത്തുക്കളിൽ നിന്നുമായി 9.46 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
2023 ഓഗസ്റ്റ് മുതലായിരുന്നു തട്ടിപ്പ്. ജോലി ശരിയാക്കി നൽകാൻ മൂന്നരലക്ഷം രൂപ നൽകണമെന്നായിരുന്നു പറഞ്ഞിരുന്നത്. രണ്ടരലക്ഷം നാട്ടിൽ നിന്നും ഒരു ലക്ഷം അയർലൻഡിൽ എത്തികഴിഞ്ഞും നൽകിയാൽ മതിയെന്നാണ് ഇവരെ അറിയിച്ചിരുന്നത്.
കരാർ പ്രകാരം പരാതിക്കാരനിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമായി രണ്ടരലക്ഷം രൂപ വീതം പല തവണകളായി ബാങ്ക് അക്കൗണ്ടിലൂടെ കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നു. ഭാര്യയുമായി പിരിഞ്ഞതിനെത്തുടർന്ന് ഇയാളെ അയർലൻഡിൽനിന്ന് പോലീസ് അഞ്ച് വർഷത്തേക്ക് പുറത്താക്കിയിരുന്നു. ഇന്ത്യയിൽ എത്തിയ ശേഷം അയർലൻഡിലെ വാട്സ് ആപ്പ് നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.
കോട്ടയം, പയ്യാവൂർ, കൊട്ടിയൂർ എന്നിവിടങ്ങളിലും സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം. പണം തട്ടിയശേഷം ഇയാൾ ബംഗളൂരുവിൽ ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.