എതിരേ വന്ന വാഹനം ഹാൻഡിലിൽ തട്ടി; വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം
Friday, September 27, 2024 12:28 PM IST
മരട്: കൊച്ചി മരടിൽ റോഡപകടത്തിൽ വനിതാ ഡോക്ടർ മരിച്ചു. മരട് വിടിജെ എൻക്ലേവ് ബണ്ട് റോഡിൽ തെക്കടത്ത് വീട്ടിൽ രഞ്ജൻ വർഗീസിന്റെ ഭാര്യ ഡോ. വിൻസി വർഗീസ് (42) ആണ് മരിച്ചത്. കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ മരട് കാളാത്ര ജംഗ്ഷനിൽ ഇന്ന് രാവിലെ 8.10 ഓടെയായിരുന്നു അപകടം.
ഗാന്ധിസ്ക്വയറിലെ ആയുർവേദ സ്ഥാപനത്തിൽ ചികിത്സയിലുള്ള പിതാവിനെ കാണാനെത്തിയതായിരുന്നു വിൻസി. റോഡിലെ കുഴികണ്ട് വേഗത കുറച്ച സ്കൂട്ടറിന്റെ ഹാൻഡിലിൽ എതിരേ വന്ന വാഹനം തട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായത്. താഴെവീണ വിൻസിയുടെ ശരീരത്തിലൂടെ ടോറസ് ലോറിയുടെ ചക്രം കയറിയിറങ്ങുകയായിരുന്നു.
മൃതദേഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവർ അടിമാലി തേക്കിൻകാട്ടിൽ അഷറഫിനെ മരട് പോലീസ് കസ്റ്റഡിയിലെടുത്തു.