ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച; എഡിജിപി പോലീസ് ആസ്ഥാനത്ത് മൊഴിയെടുപ്പിനെത്തി
Friday, September 27, 2024 11:53 AM IST
തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ എഡിജിപി എം.ആര്.അജിത്കുമാര്‍ പോലീസ് ആസ്ഥാനത്ത് മൊഴിയെടുപ്പിനെത്തി. ഡിജിപിയാണ് മൊഴി രേഖപ്പെടുത്തുന്നത്. രാവിലെ 11ഓടെയാണ് എഡിജിപിയെ മൊഴിയെടുപ്പിനായി വിളിച്ചുവരുത്തിയത്.
ഇത് രണ്ടാം തവണയാണ് എഡിജിപിയെ പോലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി മൊഴിയെടുക്കുന്നത്. നേരത്തേ പരാതിക്കാരന് എന്ന നിലയിലാണ് വിവരങ്ങള്‍ ചോദിച്ച് അറിഞ്ഞത്. എന്നാല്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ ഇന്ന് അജിത്കുമാറിനോട് വിശദീകരണം തേടും.
കൂടിക്കാഴ്ചയില്‍ എന്താണ് സംസാരവിഷയമായത്, സര്‍വീസ് ചട്ടങ്ങള്‍ അനുസരിച്ചാണോ കൂടിക്കാഴ്ച നടന്നത് തുടങ്ങിയ കാര്യങ്ങള്‍ ഡിജിപി അന്വേഷിക്കും. ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ എഡിജിപിക്ക് വീഴ്ച ഉണ്ടായതായി കണ്ടെത്തിയാല്‍ അജിത്കുമാറിനെതിരേ നടപടിയുണ്ടാകുമെന്ന് സിപിഐ അടക്കമുള്ള ഘടകകക്ഷികള്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.