വിശ്രമത്തിനു ശേഷം വീണ്ടും കുതിപ്പ്; ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം
Friday, September 27, 2024 10:36 AM IST
കൊച്ചി: സംസ്ഥാനത്ത് ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം സ്വർണവില വീണ്ടും സർവകാല റിക്കാർഡിൽ. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണവില പവന് 56,800 രൂപയിലും ഗ്രാമിന് 7,100 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,870 രൂപയാണ്.
അഞ്ചുദിവസത്തെ കുതിപ്പിനും ഒരു ദിവസത്തെ വിശ്രമത്തിനും ശേഷമാണ് സ്വർണം വീണ്ടും കുതിപ്പ് തുടരുന്നത്. ബുധനാഴ്ച പവന് 480 രൂപയും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വീതം വർധിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച പവന് 600 രൂപയും വെള്ളിയാഴ്ച 480 രൂപയും കൂടിയിരുന്നു. ഇതോടെ, ഒരാഴ്ചയ്ക്കിടെ ഏകദേശം 2,200 രൂപയാണ് വര്‍ധിച്ചത്.
മേയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റിക്കാര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ ദിവസം സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. സെപ്റ്റംബർ ഒന്നിന് 53,560 രൂപയായിരുന്നു വില. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായ 53,360 രൂപയിലാണ് സ്വർണമെത്തിയത്. പടിപടി ഉയര്‍ന്ന സ്വര്‍ണവില സെപ്റ്റംബര്‍ 16നാണ് വീണ്ടും 55,000 കടന്നത്.
എന്നാല്‍ പിന്നീടുള്ള മൂന്ന് ദിവസം ഇടിഞ്ഞതോടെ സ്വര്‍ണവില വീണ്ടും 55,000ല്‍ താഴെയെത്തി. എന്നാല്‍ ആറുദിവസമായി വീണ്ടും കുതിപ്പ് തുടര്‍ന്നതോടെ പുതിയ ഉയരം കുറിക്കുകയായിരുന്നു. പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് സ്വർണവിലയിൽ ഇപ്പോൾ വർധനവ് ഉണ്ടായിരിക്കുന്നത്.