അന്‍വറിനെ നേരിടാന്‍ സിപിഎം; പാര്‍ട്ടി സമീപനം സംബന്ധിച്ച തീരുമാനം ഇന്ന്
Friday, September 27, 2024 8:33 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരേ വിമര്‍ശനം ഉന്നയിച്ച പി.വി.അന്‍വറിനെതിരേ സിപിഎം നടപടി എടുക്കും. നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന അന്‍വര്‍ എംഎല്‍എയോട് എന്ത് സമീപനം സ്വീകരിക്കണമെന്ന് സിപിഎം ഇന്ന് പ്രഖ്യാപിക്കും.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തുന്ന കൂടിക്കാഴ്ചക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം. പാര്‍ട്ടി അച്ചടക്ക നടപടിക്ക് പരിമിതി ഉണ്ടെങ്കിലും ശക്തമായി തിരിച്ചടിക്കാനാകും പാര്‍ട്ടിയുടെ തീരുമാനം.
സ്വതന്ത്ര എംഎല്‍എയായി ജയിച്ച അന്‍വറിനെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്തേക്കുമെന്നാണ് സൂചന.
കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരേ രൂക്ഷ വിമര്‍ശനമാണ് അന്‍വര്‍ ഉന്നയിച്ചത്. പിണറായി ഭരണത്തെ വിമര്‍ശിച്ച അന്‍വര്‍ എട്ട് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിന്റെ സംഭാവന പൊതുപ്രവര്‍ത്തകരുടെ മിണ്ടാനുള്ള സ്വാതന്ത്ര്യത്തിന് മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടതാണ്. സഖാക്കള്‍ എല്ലാം സഹിക്കണം എന്നതാണ് അവസ്ഥയെന്നും കേരളത്തെ എങ്ങോട്ടാണ് മുഖ്യമന്ത്രി കൊണ്ടുപോകുന്നതെന്നുമടക്കം ഗുരുതര ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്.
പിണറായി എന്ന സൂര്യന് കെട്ടുപോയെന്നും കത്തിജ്വലിച്ചു നിന്ന സൂര്യനായിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു. മുഹമ്മദ് റിയാസിന് കിട്ടുന്ന അമിതപ്രാധാന്യത്തെയും അന്‍വര്‍ വിമര്‍ശിച്ചു.
എന്നാല്‍ അന്‍വറിനെ പൂര്‍ണമായി തള്ളിയാണ് പാര്‍ട്ടി രംഗത്തെത്തിയത്. പി.വി.അന്‍വര്‍ എംഎല്‍എ പാര്‍ട്ടി ശത്രുക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് കരുതേണ്ടി വരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന് പറഞ്ഞു. മുഖ്യമന്ത്രി കൂടുതല്‍ ശോഭയോടെ ജ്വലിച്ചു നില്‍ക്കുകയാണെന്നും ആര്‍ക്കും അത് കെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.