അധികാരത്തിൽ കടിച്ചുതൂങ്ങാതെ മുഖ്യമന്ത്രി സ്ഥാനം ഒഴിയണം: പി.എം.എ.സലാം
Thursday, September 26, 2024 9:46 PM IST
കോഴിക്കോട്: പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം. കുറ്റാരോപിതരെ മാറ്റി നിർത്തി അന്വേഷണം നടത്തണം.
ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും വകുപ്പ് മന്ത്രി കാര്യങ്ങളൊന്നും അറിയുന്നില്ല എന്നുമുള്ള ഭരണകക്ഷി എംഎൽഎയുടെ വെളിപ്പെടുത്തൽ കേരള ചരിത്രത്തിൽ ആദ്യമാണ്. അതുകൊണ്ടുതന്നെ അതിന്റെ ഗൗരവവും പ്രസക്തിയും ഏറെയാണ്.
ഇനിയും മുടന്ത് ന്യായങ്ങൾ ഉന്നയിക്കാൻ ശ്രമിക്കാതെ സ്ഥാനമൊഴിയുന്നതാണ് മുഖ്യമന്ത്രിക്ക് അഭികാമ്യമെന്നും പി.എം.എ.സലാം പറഞ്ഞു. സ്വർണക്കടത്ത് മുതൽ ആഭ്യന്തര വകുപ്പിന്റെ ആർഎസ്എസ് ബന്ധം വരെയുള്ള എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രി തന്നെയാണ് യഥാർത്ഥ പ്രതിയെന്ന് യുഡിഎഫ് നേരത്തെ പറഞ്ഞതാണ്.
അൻവറിന്റെ പ്രതികരണം അതെല്ലാം ശരിവെക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.