പുനലൂർ-മധുര എക്സ്പ്രസ് വില്ലുപുരത്തിന് നീട്ടാൻ നിർദേശം
എസ്.ആർ. സുധീർ കുമാർ
Thursday, September 26, 2024 2:55 PM IST
കൊല്ലം: പുനലൂർ-മധുര-പുനലൂർ എക്സ്പ്രസ് ട്രെയിനുകൾ വില്ലുപുരം വരെ നീട്ടാൻ നിർദേശം. ഇതുസംബന്ധിച്ച തിരുച്ചിറപ്പള്ളി ഡിവിഷണൽ റെയിൽവേ മാനേജരുടെ നിർദേശം റെയിൽവേ ബോർഡിന്റെ സജീവ പരിഗണനയിലാണ്.
ദക്ഷിണ റെയിൽവേ ട്രാൻസ്പോർട്ടേഷൻ ബ്രാഞ്ച് ഹെഡ് ക്വാർട്ടേഴ്സിൽ നിന്ന് സർവീസ് ദീർഘിപ്പിക്കുന്നത് സംബന്ധിച്ച സാധ്യതകൾ അടിയന്തിരമായി പരിശോധിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അറിയിപ്പ് നൽകി.
പുതിയ നിർദേശം അനുസരിച്ച് 16729 മധുര-പുനലൂർ എക്സ്പ്രസ് വൈകുന്നേരം 6.30ന് വില്ലുപുരത്ത് നിന്ന് പുറപ്പെടണം. തിരുച്ചിറപ്പള്ളിയിൽ രാത്രി 9.20ന് എത്തി 9.25ന് യാത്ര തിരിക്കും. മധുരയിൽ 11.20 ന് എത്തുന്ന ട്രെയിൻ 11.20ന് അവിടുന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10ന് പുനലൂരിൽ എത്തും.
16730 പുനലൂർ- മധുര എക്സ്പ്രസ് പുനലൂരിൽ നിന്ന് വൈകുന്നേരം 5.15ന് പുറപ്പെടും. പിറ്റേ ദിവസം പുലർച്ചെ 2.55ന് എത്തുന്ന ട്രെയിൻ മൂന്നിന് അവിടുന്ന് യാത്ര തിരിക്കും. തുടർന്ന് തിരുച്ചിറപ്പള്ളിയിൽ രാവിലെ 5.05ന് എത്തും. അവിടുന്ന് 5.10ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ എട്ടിന് വില്ലുപുരത്ത് എത്തുന്ന ക്രമത്തിലാണ് സമയക്രമം നിർദേശിച്ചിട്ടുള്ളത്.
ഈ നിർദേശത്തിന് തിരുച്ചിറപ്പള്ളി ഡിവിഷനിലെ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജരുടെ അനുമതി ഇതിനകം ലഭിച്ചിട്ടുണ്ട്. ഇനി മധുര, തിരുച്ചിറപ്പള്ളി ഡിവിഷനുകളിലെ മെക്കാനിക്കൽ വിഭാഗം എൻജിനീയർമാരുടെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. അതുകൂടി സാധ്യമായാൽ ട്രെയിൻ വില്ലുപുരം വരെ നീട്ടുന്നതിന് മറ്റ് തടസങ്ങൾ ഒന്നുമില്ലെന്ന് ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സർവീസ് നീട്ടുന്നതോടെ ഈ ട്രെയിൻ തിരുച്ചിറപ്പള്ളി, മധുര, തിരുവനന്തപുരം ഡിവിഷനുകൾ വഴി കടന്നുപോകുന്നതായി മാറുകയും ചെയ്യും. മാത്രമല്ല കൊല്ലം സ്റ്റേഷൻ കഴിഞ്ഞാൽ കിളികൊല്ലൂർ മുതൽ പുനലൂർ വരെ വീണ്ടും മധുര ഡിവിഷൻ പരിധിയിലാണെന്ന പ്രത്യേകത കൂടിയുണ്ട്.
നിലവിൽ 16729 നമ്പർ എക്സ്പ്രസ് രാത്രി 11.25ന് മധുരയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10-നാണ് പുനലൂരിൽ എത്തുന്നത്. അതുപോലെ 16730 നമ്പർ എക്സ്പ്രസ് വൈകുന്നേരം 5.15ന് പുനലൂരിൽ നിന്ന് യാത്ര തിരിച്ച് പിറ്റേ ദിവസം രാവിലെ 3.40-നാണ് പുനലൂരിൽ എത്തുക.