""രാജാവ് നഗ്നനാണ്''; മുഖ്യമന്ത്രിക്കെതിരേ പരോക്ഷ വിമർശനവുമായി നിയാസ് പുളിക്കലത്ത്
Thursday, September 26, 2024 1:26 PM IST
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഐ മലപ്പുറം ജില്ലാ കൗൺസിൽ അംഗം നിയാസ് പുളിക്കലത്ത്. തന്നെ വളര്‍ത്തി വലുതാക്കിയ പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കുന്നവരോട് "കടക്ക് പുറത്ത്' എന്ന് പറയാനുള്ള ആര്‍ജ്ജവം നേതാക്കള്ക്കില്ലെങ്കിലും അണികള്ക്കുണ്ടാകുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
രാജാവ് നഗ്നനാണ് എന്ന തലക്കെട്ടോടെയാണ് നിയാസിന്റെ ഫേസ്ബുക്ക് കുറിപ്പ്. പാര്‍ട്ടിക്ക് എന്ത് സംഭവിച്ചാലും തനിക്കും തന്റെ കുടുംബത്തിനും ഗ്രൂപ്പിനും നഷ്ടം സംഭവിക്കരുത്. അധികാരം കൈയിലുള്ളപ്പോള്‍ ശിഷ്ടകാലം അടിച്ചുപൊളിച്ചു ജീവിക്കാന്‍ ഉള്ളത് എങ്ങനെയെങ്കിലും സമ്പാദിക്കണം എന്ന വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ജീര്‍ണ്ണത ഇന്ന് ഇടതുപക്ഷത്തേക്ക് കൂടെ വ്യാപിച്ചിട്ടുണ്ടോയെന്നും കുറിപ്പിൽ ചോദിക്കുന്നു.
തന്റെയും മക്കളുടെയും മരുമക്കളുടെയും ഭാവി ഭാസുരമാക്കാന്‍ തന്നെ വളര്‍ത്തി വലുതാക്കിയ ലക്ഷക്കണക്കിന് ജനങ്ങളുടെ വിയര്‍പ്പിന്റെയും ചുട് ചോരയുടെയും മണമുള്ള പ്രസ്ഥാനത്തെ ഒറ്റികൊടുക്കുന്നവര്‍ ആരുതന്നെയായാലും അവരോട് കടക്കു പുറത്ത് എന്ന് പറയാന്‍ ഉള്ള ആര്‍ജ്ജവം നേതാക്കള്‍ക്കില്ലെങ്കില്‍ തീര്‍ച്ചയായും അണികള്‍ക്കിടയില്‍ നിന്ന് "രാജാവ് നഗ്നനാണെന്ന്' വിളിച്ചുപറയാന്‍ തന്റേടമുള്ള ഒരു തലമുറ ഉയര്‍ത്തെഴുന്നേല്‍ക്കും എന്ന് ഉറപ്പാണ്.
സ്വന്തം താത്പര്യത്തിന് വേണ്ടി വിട്ടുവീഴ്ചയും വിടുവേലയും ചെയ്യുന്നവര്‍ ഒറ്റു കൊടുക്കുന്നത് സ്വന്തം പ്രസ്ഥാനത്തെ മാത്രമല്ലെന്നും കേരളത്തിലെ മൂന്നുകോടിയിലധികം മതേതര ജനാധിപത്യ വിശ്വാസികളായ ജനങ്ങളുടെ പ്രതീക്ഷയെയും സ്വപ്നവുമാണ് എന്ന് മറക്കരുതെന്നും പോസ്റ്റിൽ പറയുന്നു.
2021-ലെ നിയമസസഭാ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിലെ സ്ഥാനാർഥിയും സിഡ്കോ മുന്‍ ചെയര്‍മാനും കിസാന്‍സഭ മലപ്പുറം ജില്ലാ സെക്രട്ടറിയുമാണ് നിയാസ് പുളിക്കലത്ത്. അതേസമയം വിഷയം ചർച്ചയായതോടെ ഫേസ്ബുക്കിൽനിന്ന് നിയാസ് പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.