സ്വർണക്കവർച്ച: തട്ടിക്കൊണ്ടുപോകലിന്റെ റിഹേഴ്സൽ നടത്തിയതായി സൂചന
Thursday, September 26, 2024 1:13 PM IST
ഒല്ലൂർ: ദേശീയപാത പട്ടിക്കാട് കല്ലിടുക്കിൽ കാര്‍ യാത്രക്കാരെ ആക്രമിച്ച് രണ്ടരക്കിലോ സ്വര്‍ണാഭരണങ്ങള്‍ കവർന്ന സംഭവത്തിൽ അന്വഷണം ഊർജിതമാക്കി പോലീസ്. തൃശൂര്‍ കിഴക്കേകോട്ട അരുണ്സണ്ണി, പോട്ട സ്വദേശി റോജി എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് കല്ലിടുക്കിൽ അടിപ്പാത നിർമാണം നടക്കുന്ന സ്ഥലത്തുവച്ച് മൂന്നു കാറുകളിലെത്തിയ സംഘം സിനിമാസ്റ്റൈയിലിൽ തടഞ്ഞ് കഴിഞ്ഞ ദിവസം ആഭരണം കവർന്നത്.
സ്വകാര്യ ബസിലെ സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. വ്യക്തമായ ഗൂഢാലോചന നടന്നതായാണ് പോലീസിനു ലഭിക്കുന്ന വിവരം. ഓണത്തിനുമുന്‍പ് പ്രതികൾ കവർച്ച നടത്താൻ പ്ലാനിംഗ് നടത്തിയതായും പോലീസ് സംശയിക്കുന്നു.
കഴിഞ്ഞ ദിവസം സ്വർണക്കവർച്ചയ്ക്ക് ഉപയോഗിച്ച വാഹനങ്ങൾ സെപ്റ്റംബർ ആദ്യവാരം പന്നിയങ്കര ടോൾപ്ലാസ കടന്നുപോയതിന്റെ ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതിൽ നിന്നാണ് സ്വർണക്കവർച്ചയ്ക്കു പിന്നിൽ ഗുഢാലോചന നടന്നതായി പോലീസ് സംശയിക്കുന്നത്.
സ്വർണം എവിടെ വച്ച് തട്ടിക്കൊണ്ടു പോകണമെന്നും സംഭവത്തിനുശേഷം ഏതുവഴി കടന്നുപോകണമെന്നും പ്രതികൾ ആസൂത്രണം ചെയ്തതായി പോലീസ് കരുതുന്നു. പോലീസ് പിടിക്കാതിരിക്കാനാണു ദേശീയപാത വഴി പോകാതെ മണ്ണുത്തിയിൽനിന്ന് ഇരവിമംഗലത്തേക്കു കടന്നതെന്നാണു പോലീസിന്റെ നിഗമനം.
കാറിലുണ്ടായിരുന്ന അരുൺ സണ്ണി, റോജി എന്നിവരെ രണ്ട് വാഹനങ്ങളിൽ തട്ടിക്കൊണ്ടുപോയി പിന്നീട് വഴിയിൽ ഉപേക്ഷിച്ചു. അരുണിനെ മരത്താക്കര കുഞ്ഞനംപാറ ഭാഗത്തും റോജിയെ പുത്തൂർ ഇരവിമംഗലത്തും ഉപേക്ഷിക്കുകയായിരുന്നു.
അതേസമയം, പ്രതികൾ വന്ന വാഹനം പാലിയേക്കര ടോൾപ്ലാസ വഴി കടന്നുപോയിട്ടില്ലെന്നു പ്രാഥമിക അന്വഷണത്തിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ തട്ടിക്കൊണ്ടുപോയ അരുണും റോജിയും സഞ്ചരിച്ച കാറിനായും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനങ്ങളുടെ നമ്പർ വ്യാജമാണെന്ന് പോലീസ് പരിശോധനയിൽ വ്യക്തമായി.