ഉയരങ്ങൾ കീഴടക്കുംമുമ്പേ ഇടറിവീണ ജനനേതാവ്
ശ്രീജിത് കൃഷ്ണൻ
Thursday, September 26, 2024 12:56 PM IST
കാസർഗോഡ്: കെ.സി. വേണുഗോപാലിന് തൊട്ടുമുമ്പ് പയ്യന്നൂരിൽനിന്ന് ലീഡർ കെ. കരുണാകരന്റെ വിശ്വസ്തനായി വളർന്നുവന്ന നേതാവാണ് കെ.പി. കുഞ്ഞിക്കണ്ണൻ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന കുഞ്ഞിക്കണ്ണനെ 1987-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനായി കാസർഗോഡ് ജില്ലയിലെ ഉദുമയിലേക്ക് നിയോഗിച്ചതും ലീഡറായിരുന്നു.
സിപിഎമ്മിലെ കെ.പുരുഷോത്തമനായിരുന്നു അന്ന് ഉദുമയിലെ സിറ്റിംഗ് എംഎൽഎ. താരതമ്യേന നിശബ്ദനായ പുരുഷോത്തമനു മുന്നിൽ ജനക്കൂട്ടത്തെ ഇളക്കിമറിക്കുന്ന പ്രസംഗ ശൈലിയുമായെത്തിയ കോൺഗ്രസ് യുവനേതാവ് ഉദുമയ്ക്കും കാസർഗോഡിനും പുതിയ അനുഭവമായി. 7,845 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിന് കുഞ്ഞിക്കണ്ണൻ വിജയിച്ചു.
കൂടുതൽ ഉറച്ച ചെങ്കോട്ടയായിരുന്ന തൊട്ടടുത്ത ഹോസ്ദുർഗ് മണ്ഡലത്തിൽ കോൺഗ്രസിലെ എൻ. മനോഹരൻ കേവലം 59 വോട്ടുകൾക്ക് അന്ന് അട്ടിമറി വിജയവും നേടി. സംസ്ഥാനതലത്തിൽ യുഡിഎഫിന് അധികാരം നഷ്ടമായ ആ തെരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിൽ മാത്രം അഞ്ചിൽ നാല് സീറ്റുകളും യുഡിഎഫിനായിരുന്നു. പിന്നീടൊരിക്കലും ആ വിജയം ആവർത്തിക്കാനായില്ലെന്നതും ചരിത്രം.
ചരിത്ര വിജയം നേടി അധികനാൾ കവിയുന്നതിനുമുമ്പ് അന്ന് എംപിയായിരുന്ന ഐ. രാമറൈയെ മാറ്റി കുഞ്ഞിക്കണ്ണനെ കാസർഗോഡ് ഡിസിസി പ്രസിഡന്റാക്കി. അങ്ങനെ പയ്യന്നൂരുകാരനായ കുഞ്ഞിക്കണ്ണൻ കാസർഗോഡ് ജില്ലയിൽ മുഴുവൻസമയ പ്രവർത്തകനായി.
ജില്ല രൂപീകരിച്ചിട്ട് അപ്പോൾ മൂന്നുവർഷമാകുന്നതേ ഉണ്ടായിരുന്നുള്ളൂ. ജില്ലയിലെ ഗ്രാമാന്തരങ്ങളിലെല്ലാം പദയാത്ര നടത്തി കുഞ്ഞിക്കണ്ണൻ കോൺഗ്രസിന് താഴേക്കിടയിൽ വേരോട്ടമുണ്ടാക്കി. പദയാത്രയിലൂടെ സമാഹരിച്ച ഫണ്ട് ഉപയോഗിച്ച് ജില്ലാ ആസ്ഥാനമായ വിദ്യാനഗറിൽ ഡിസിസി ഓഫീസിനായി സ്ഥലം വാങ്ങി.
നിയമസഭയിൽ എം.എം. ഹസൻ, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്, രമേശ് ചെന്നിത്തല തുടങ്ങിയ അന്നത്തെ യുവനേതാക്കൾക്കൊപ്പം പ്രതിപക്ഷനിരയിലെ താരങ്ങളിലൊരാളായി. തീപ്പൊരി പ്രസംഗങ്ങളിലൂടെ നായനാർ സർക്കാരിനെ വെള്ളംകുടിപ്പിച്ചു. അത്തരത്തിൽ ജനങ്ങളുടെ മനസിൽ ഇടിച്ചുകയറിയ ഒരു നേതാവിനെയാണ് കോൺഗ്രസിന് നഷ്ടമായത്.