തനിക്കെതിരായ കേസിന് പിന്നിൽ "അമ്മ'-ഡബ്ല്യൂസിസി പോര്; ജാമ്യാപേക്ഷയിൽ സിദ്ദിഖ്
Thursday, September 26, 2024 8:47 AM IST
ന്യൂഡല്‍ഹി : തനിക്കെതിരായ കേസിന് പിന്നിൽ "അമ്മ'യും ഡബ്ല്യൂസിസിയും തമ്മിലുള്ള പോരെന്ന് ബലാത്സംഗക്കേസിലെ പ്രതിയായ നടൻ സിദ്ദിഖ്. സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സിദ്ദിഖിന്റെ ആരോപണം.
കേസന്വേഷിക്കുന്ന പോലീസ് സംഘത്തിനെതിരെയും ഗുരുതരമായ ആരോപണം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉണ്ട്. ശരിയായ രീതിയില്‍ അന്വേഷണം നടത്താതെയാണ് ബലാത്സംഗക്കേസില്‍ തന്നെ പ്രതിയാക്കിയത്.
പരാതി നല്‍കിയതിനും, കേസ് എടുക്കുന്നതിനും എട്ട് വര്‍ഷത്തെ കാലതാമസം ഉണ്ടായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പരസ്പരവിരുദ്ധമായ ആരോപണങ്ങളാണ് തനിക്കെതിരേ ഉന്നയിക്കുന്നതെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സീനിയര്‍ അഭിഭാഷകന് മുകുള്‍ റോത്തഗിയുടെ ജൂനിയറായ രഞ്ജീത റോത്തഗിയാണ് സിദ്ദിഖിന് വേണ്ടി സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്.