ലബനിലേക്കുള്ള യാത്ര ഒഴിവാക്കണം, ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ എംബസി
Thursday, September 26, 2024 5:16 AM IST
ബെയ്റൂട്ട്: ലബനിലെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ലബനനിലേക്ക് യാത്ര ചെയ്യരുതെന്ന് ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ലബനനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാനും അധികൃതർ നിർദേശം നൽകി. ഏതെങ്കിലും കാരണത്താൽ അവിടെ തുടരുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അവിടുത്തെ സാഹചര്യം രൂക്ഷമാണെന്നും എംബസി അറിയിച്ചു.
ലബനിൽ കഴിയുന്നവർ ഇമെയിൽ വഴി ബെയ്റൂട്ടിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനും നിർദ്ദേശിച്ചു. എംബസിയുമായി ബന്ധപ്പെടാൻ പൗരന്മാർക്ക് [email protected] അല്ലെങ്കിൽ +96176860128 ഫോൺ നന്പരും എംബസി നൽകി.
ഹിസ്ബുള്ളകൾ ടെൽ അവീവിലേക്കു മിസൈൽ തൊടുത്തതിനു പിന്നാലെ ഇസ്രേലി വ്യോമസേന വീണ്ടും ലബനനിൽ വ്യാപക ആക്രമണം നടത്തിയിരുന്നു. ഹിസ്ബുള്ളയുടെ 280 കേന്ദ്രങ്ങളാണ് ഇസ്രയേൽ ആക്രമിച്ചത്. 51 പേർ കൊല്ലപ്പെടുകയും 220 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.