ഹേമ കമ്മിറ്റി; മുൻ "അമ്മ'ഭാരവാഹികളുടെ മൊഴിയെടുക്കും
Wednesday, September 25, 2024 7:53 PM IST
തിരുവനന്തപുരം: ഹേമ കമ്മിറ്റി മുൻപാകെയുള്ള വനിത ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ അമ്മയുടെ മുൻ ഭാരവാഹികളിൽ നിന്നു പ്രത്യേക അനേഷണ സംഘം മൊഴിയെടുക്കും. ഹേമ കമ്മിറ്റി മുൻപാകെ മൊഴി നൽകിയവർ നേരത്തെ അമ്മയിൽ പരാതി നൽകിയിരുന്നോയെന്നും അതിൽ ഭാരവാഹികൾ ഇടപെട്ടിരുന്നുവോയെന്നും അന്വേഷിക്കാനാണ് അമ്മ ഭാരവാഹികളിൽ നിന്നും മൊഴിയെടുക്കുന്നത്.
വനിതാ പ്രവർത്തകർക്ക് ദുരനുഭവമുണ്ടായ കാലയളവിൽ അമ്മയുടെ ഭാരവാഹികളായിരുന്നവരുടെ വിവരം അന്വേഷണ സംഘം ശേഖരിച്ചു. അമ്മ ഭാരവാഹികളുടെ വീടുകളിലെത്തിയും പ്രത്യേക അന്വേഷണസംഘത്തിന്റെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയും ആയിരിക്കും മൊഴി രേഖപ്പെടുത്തുക. മൊഴി നൽകേണ്ടവർക്ക് നോട്ടീസ് നൽകി വിളിച്ചു വരുത്തും.
ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ നടപടി സ്വീകരിക്കാൻ കാല താമസം വരുത്തിയതിനു സർക്കാരിനെ ഹൈക്കോടതി നിശിതമായി വിമർശിച്ചിരുന്നു. കമ്മിറ്റി റിപ്പോർട്ടിന്റെ പകർപ്പ് അന്വേഷണ സംഘത്തിന് കൈമാറാനും മൊഴികൾ പരിശോധിച്ച് നിയമ നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം വെളിപ്പെടുത്തലുകൾ നടത്തിയ വനിതാചലച്ചിത്രപ്രവർത്തകരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇതേക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച അന്വേഷണ സംഘമാണ് ഇവയെല്ലാം ഇപ്പോൾ അനേഷിക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവി വെങ്കിടേഷിന്റെ നേതൃത്വത്തിൽ സിറ്റി പോലീസ് കമ്മിഷണർ ജി. സ്പർജൻ കുമാർ, തിരുവനന്തപുരം റേഞ്ച് ഡി ഐ ജി. അജിതാ ബീഗം, വനിതാ ഐ പി എസ് ഉദോഗസ്ഥരായ മെറിൻ ജോസഫ്, പൂങ്കുഴലി, ഐശ്യര്യ ഡോങ്ക്റെ എന്നിവർ ഉൾപ്പെട്ട സംഘ മാണ് കേസ് അനേഷിക്കുന്നത്.
പരാതികളുടെയും വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിൽ 23 കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിരുന്നു. മുകേഷ്, സിദ്ധിക്ക്, ഇടവേള ബാബു, ജയസൂര്യ, സംവിധായകൻ രഞ്ജിത്, ബാബുരാജ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടക്കുന്നത്.