പൂനെയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൗമാരക്കാരൻ മരിച്ചു
Wednesday, September 25, 2024 4:33 PM IST
പൂനെ: ജുന്നാറിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഒൻപത് വയസുകാരൻ മരിച്ചു. തെജിവദി ഗ്രാമത്തിലെ ഭൂപേഷ് യാദവ് എന്ന കൗമാരക്കാരനാണ് മരിച്ചത്. വീടിന് പിന്നിലെ ഫാമിൽ നിൽക്കുന്ന സമയത്താണ് ഭൂപേഷിനെ പുലി ആക്രമിച്ചത്.
ബുധനാഴ്ച രാവിലെയാണ് സംഭവം. സമീപത്തുള്ള കരിന്പിൻ തോട്ടത്തിൽ നിന്നാണ് പുലി വന്നത്. ഫാമിൽ നിൽക്കുകയായിരുന്ന ഭൂപേഷിനെ ആക്രമിച്ചതിന് ശേഷം കരിന്പിൻ തോട്ടത്തിലേക്ക് തന്നെ പോയ പുലിക്ക് വേണ്ടി നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. പുലിയെ കണ്ടെത്താനും പിടികൂടാനും വേണ്ട നടപടികൾ സ്വീകരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. നാട്ടുകാർ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.