സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; ശശിക്കെതിരായ അന്‍വറിന്റെ പരാതി ചര്‍ച്ചയായേക്കും
Wednesday, September 25, 2024 9:41 AM IST
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത് നടക്കും. പി. ശശിക്കെതിരേ പി.വി. അന്‍വര്‍ എംഎല്‍എ നല്കിയ പരാതിയടക്കം യോഗം ചര്‍ച്ചചെയ്തേക്കും. പരാതി ഇന്ന് തന്നെ പരിഗണിക്കണോ അതോ പിന്നീട് പരിഗണിച്ചാല്‍ മതിയോ എന്ന കാര്യത്തില്‍ സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷ അഭിപ്രായം നോക്കിയാകും നിലപാട്.
നേരത്തെ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ പകര്‍പ്പ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയിരുന്നെങ്കിലും പി. ശശിയുടെ പേരില്ലായിരുന്നു. പിന്നാലെ ശശിയുടെ പേര് ചേര്‍ത്ത് പുതിയ പരാതി നല്‍കിയിരുന്നു.
എന്നാല്‍ അന്‍വറിനെ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ തള്ളിയതോടെ പാര്‍ട്ടി എന്ത് സമീപനം സ്വീകരിക്കുമെന്നത് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. നേരത്തെ, മുഖ്യമന്ത്രി തള്ളിപറഞ്ഞതിന് പിന്നാലെ അന്‍വര്‍ വീണ്ടും വാര്‍ത്താസമ്മേളനം വിളിച്ചപ്പോള്‍ സിപിഎം ഇടപെട്ടിരുന്നു. അന്‍വറിന്റെ പരാതി പാര്‍ട്ടിയുടെ പരിഗണനയിലാണെന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കിയിരുന്നു.