മുഖ്യമന്ത്രി ആർഎസ്എസ് ഏജന്റ്: കെ.മുരളീധരൻ
Tuesday, September 24, 2024 10:32 PM IST
തിരുവനന്തപുരം: തൃശൂർപൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അതിന്റെ ലാഭം മുഖ്യമന്ത്രിക്ക് ലഭിച്ചെന്നും കെ.മുരളീധരൻ. മുഖ്യമന്ത്രി ആർഎസ്എസ് ഏജന്റാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൃശൂർ പൂരത്തിനിടെ രണ്ടു ദേവസ്വങ്ങളും ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കാനാണ് ശ്രമിച്ചത്. ജുഡീഷ്യൽ അന്വേഷണമല്ലാതെ പോംവഴിയില്ല. പൂരം റിപ്പോർട്ട് അംഗീകരിക്കില്ല. പൂരത്തിനേക്കാൾ വലിയ വെടിക്കെട്ട് ഇപ്പോൾ നടക്കുന്നു.
ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.