നിപ: മലപ്പുറം ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു
Tuesday, September 24, 2024 8:59 PM IST
മലപ്പുറം: നിപ പ്രതിരോധത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ആരോഗ്യവകുപ്പ് പിൻവലിച്ചു. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തതും 104 പേരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവാകുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.
നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം മാത്രം ക്വാറന്റെയിൻ അവസാനിപ്പിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 94 പേരുടെ ക്വാറന്റെയിൻ നാളെ അവസാനിക്കും.
സെപ്റ്റംബർ ഒൻപതിനാണ് ബംഗളൂരുവിലെ വിദ്യാർതഥിയായ യുവാവ് നിപ ബാധിച്ച് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ മരിച്ച യുവാവ് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ ഓഫീസർ നടത്തിയ ഡെത്ത് ഇൻവെസ്റ്റിഗേഷനിലാണ് നിപ വൈറസ് സ്ഥിരീകരിച്ചത്.
യുവാവിന്റെ മരണാനന്തര ചടങ്ങുകളിലുൾപ്പെടെ നിരവധി പേർ പങ്കെടുത്ത സാഹചര്യത്തിൽ മലപ്പുറത്ത് മാസ്ക് ഉൾപ്പെടെ നിർബന്ധമാക്കിയിരുന്നു. കണ്ടെയ്ൻമെന്റ് സോണുകളിൽ ആളുകൾ കൂട്ടം കൂടി നിൽക്കരുതെന്നും നിർദേശമുണ്ടായിരുന്നു.
തിരുവാലി ഗ്രാമപഞ്ചായത്തിലെ വാർഡ് നാല്, അഞ്ച്, ആറ്, ഏഴ്, മമ്പാട് ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴ് എന്നീ വാർഡ് പരിധികളിലാണ് പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.