പുതിയ ഫോൺ വാങ്ങിയതിന് ട്രീറ്റ് ചെയ്തില്ല: കൗമാരക്കാരനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു
Tuesday, September 24, 2024 4:30 PM IST
ന്യൂഡൽഹി: ശകർപുരയിൽ പുതിയ ഫോൺ വാങ്ങിയതിന് ട്രീറ്റ് ചെയ്തില്ലെന്ന് ആരോപിച്ച് 16 വയസുകാരനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് കൗമാരക്കാരായ മൂന്ന് പേർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.
തിങ്കളാഴ്ച വൈകുന്നേരമാണ് സച്ചിൻ എന്ന കൗമാരക്കാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയത്. ഫോണുമായി വീട്ടിലേക്ക് വരുന്നതിനിടെ ഉണ്ടായ തർക്കത്തിനൊടുവിലാണ് സച്ചിന് കുത്തേറ്റത്. ട്രീറ്റ് ചെയ്യണമെന്ന ആവശ്യം നിരാകരിച്ചതോടെയാണ് സുഹൃത്തുകൾ സച്ചിനെ കുത്തിയത്.
16 വയസുകാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടിരുന്നുവെന്നും എൽഎൻജെപി ആശുപത്രിയിൽ നിന്നാണ് പോലീസിന് വിവരം ലഭിച്ചത്. ശരീരത്തിന്റെ പിൻഭാഗത്ത് രണ്ട് തവണ കുത്തേറ്റതായി മൃതദേഹം പരിശോധിച്ചപ്പോൾ മനസിലായി.
പൊലീസ് കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്ന് കുട്ടികളെ കണ്ടെത്തുന്നതിന് അന്വേഷണവും പുരോഗമിക്കുന്നു. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തുഴള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്തി.