ഡോ. ഹരിണി അമരസൂര്യ ശ്രീലങ്കൻ പ്രധാനമന്ത്രി
Tuesday, September 24, 2024 3:54 PM IST
കൊളംബോ: ഡോ. ഹരിണി അമരസൂര്യ ശ്രീലങ്കൻ പ്രധാനമന്ത്രി. പ്രസിഡന്റ് അനുര ദിസനായകെയാണ് ഹരിണി അമരസൂര്യയെ പ്രധാനമന്ത്രിയായി നിയമിച്ചത്. എൻപിപി എംപിയായ ഹരിണി അമരസൂര്യ അധ്യാപികയും ആക്റ്റിവിസ്റ്റുമാണ്.
കഴിഞ്ഞ ദിവസം മാർക്സിസ്റ്റ് നേതാവ് അനുര കുമാർ ദിസനായകെ ശ്രീലങ്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ശ്രീലങ്കയുടെ ഒന്‍പതാമത്തെ പ്രസിഡന്റായ ദിസനായകെ (56) ചീഫ് ജസ്റ്റീസ് ജയന്ത ജയസൂര്യക്കു മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു.
ശ്രീലങ്കയുടെ നവോത്ഥാനത്തിനായി പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞയ്ക്കുശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് ദിസനായകെ പറഞ്ഞു. ഞാൻ ഒരു മജീഷനല്ല. ഈ രാജ്യത്തു ജനിച്ച ഒരു സാധാരണക്കാരനാണ്.
എനിക്ക് കഴിവുകളും പോരായ്മകളുമുണ്ട്. ജനങ്ങളുടെ കഴിവുകൾ രാജ്യത്തിന്റെ ഉന്നതിക്കായി പ്രയോജനപ്പെടുത്തുകയെന്നതാണ് എന്റെ ആദ്യ ദൗത്യം. ശ്രീലങ്കയുടെ ഉന്നമനത്തിന് അന്താരാഷ്ട്ര സഹകരണം ആവശ്യമാണ്എന്ന് ദിസനായകെ കൂട്ടിച്ചേർത്തു.
ശ്രീലങ്കയുടെ ചരിത്രത്തിൽ ആദ്യമായാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്കും 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യമുണ്ടായത്. തുടർന്ന് രണ്ടാം മുൻഗണനാ വോട്ടുകളെണ്ണിയാണ് വിജയിയെ തീരുമാനിച്ചത്. ജനക വിമുക്തി പെരമുനയുടെ രാഷ്ട്രീയസഖ്യമായ നാഷണൽ പീപ്പിൾസ് പവർ (എൻപിപി) സ്ഥാനാർഥിയായ ദിസനായകെ എസ്ജെബി സ്ഥാനാർഥി സജിത് പ്രേമദാസയെയാണ് പരാജയപ്പെടുത്തിയത്.