സിദ്ദിഖിനെതിരേ തെളിവുകളുടെ കൂമ്പാരമെന്ന് കോടതി; സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനം
Tuesday, September 24, 2024 2:59 PM IST
കൊച്ചി: ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ നടന് സിദ്ദിഖിനെതിരേ ഗുരുതര പരാമര്‍ശങ്ങളുമായി ഹൈക്കോടതി. സിദ്ദിഖിനെതിരായ പരാതി ഗൗരവമുള്ളതെന്ന് കോടതി നിരീക്ഷിച്ചു.
പ്രദമദൃഷ്ട്യാ സിദ്ദിഖിന് കേസില്‍ പങ്കുണ്ട്. സിദ്ദിഖിനെതിരേ തെളിവുകളുടെ കൂമ്പാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. സിദ്ദിഖിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്.
സിദ്ദിഖിന്റെ വൈദ്യപരിശോധന നടത്തേണ്ടതുണ്ട്. സിദ്ദിഖ് സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്ന വാദം അനാവശ്യമാണ്. അതിക്രമത്തിനിരയായി എന്നതുവച്ച് പരാതിക്കാരിയുടെ സ്വഭാവം വിലയിരുത്തരുതെന്ന് കോടതി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ കടുത്ത നിശബ്ദത പുലര്‍ത്തിയെന്നും കോടതി വിമര്‍ശിച്ചു. അഞ്ചുവര്‍ഷം സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നത് ദുരൂഹമാണ്. റിപ്പോര്‍ട്ട് അതിജീവിതമാര്‍ക്ക് കരുത്ത് നല്‍കും, അതിജീവിതമാര്‍ക്ക് മുന്നോട്ട് പോകാനാകുമെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം തുടങ്ങി. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് തിരിക്കും.
സിദ്ദിഖ് വിദേശത്തേക്ക് കടക്കുന്നത് തടയാന്‍ വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. സിദ്ദിഖ് സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുമ്പ് തന്നെ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ തീരുമാനം.