ശബരിമലയിൽ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ
Tuesday, September 24, 2024 8:28 AM IST
പത്തനംതിട്ട: ശബരിമലയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. തെങ്കാശി കീലസുരണ്ട സ്വദേശി സുരേഷ് ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഓഗസ്റ്റ് 20 ന് ആണ് മോഷണം നടന്നത്. ജീവനക്കാരനെന്ന വ്യാജേന എത്തിയാണ് ഇയാൾ മോഷണം നടത്തിയത്. സന്നിധാനത്തെ കാണിക്ക വഞ്ചി കുത്തിത്തുറന്നാണ് ഇയാൾ മോഷണം നടത്തിയത്.
നടയടച്ച ശേഷമാണ് മോഷണവിവരം അധികൃതർ അറിഞ്ഞത്. ശക്തമായ പോലീസ് സാന്നിധ്യത്തിലാണ് മോഷണം നടന്നത്. പിന്നീട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്.
കന്നിമാസ പൂജകൾക്കായി നട തുറന്നപ്പോൾ സന്നിധാനത്ത് ജോലിക്ക് വന്ന ആളുകളെയെല്ലാം പോലീസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് മോഷ്ടാവിനെപ്പറ്റിയുള്ള സൂചന ലഭിച്ചത്.
വർഷങ്ങളായി എല്ലാ മാസവും ശബരിമലയിൽ പ്രതി വന്നിരുന്നു. പോലീസ് കേസ് എടുത്ത വിവരം അറിഞ്ഞതിനെ തുടർന്ന് ഈ മാസം പ്രതി ശബരിമലയിലെത്തിയിരുന്നില്ല.