കോൽക്കത്ത കൊലപാതകം: തൃണമൂൽ എംഎൽഎയെ ചോദ്യംചെയ്തു
Tuesday, September 24, 2024 2:23 AM IST
കോൽക്കത്ത: കോൽക്കത്ത ആർജി കാർ മെഡിക്കൽ കോളജിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്ന കേസിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎ നിർമൽ ഘോഷിനെ സിബിഐ സംഘം ചോദ്യംചെയ്തു.
ഇതിനുപുറമേ ആശുപത്രിയിലെ ഫോറൻസിക് വിഭാഗം പ്രഫസർ അപൂർബ ബിശ്വാസിനെയും ചോദ്യംചെയ്തു. കഴിഞ്ഞമാസം ഒന്പതിനു പുലർച്ചെയാണു പിജി ഡോക്ടറുടെ മൃതദേഹം ആശുപത്രിയിലെ സെമിനാർ ഹാളിൽ കണ്ടെത്തിയത്.
കൊല്ലപ്പെട്ട ഡോക്ടറുടെ മൃതദേഹം തിടുക്കത്തിൽ സംസ്കരിക്കുന്നതിൽ എംഎൽഎയ്ക്കു നിർണായക പങ്കുണ്ടെന്നാണ് സിബിഐ നിഗമനം. കൊലപാതകം നടക്കുന്പോൾ ആശുപത്രിയിലെ പ്രിൻസിപ്പലായിരുന്ന സന്ദീപ് ഘോഷും എംഎൽഎയും തമ്മിൽ നിരവധിതവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്.
ഇതിന്റെ വിശദാംശങ്ങൾ ചോദ്യംചെയ്യലിലൂടെ പുറത്തുവരുമെന്നാണു കരുതുന്നെതന്നു സിബിഐ വൃത്തങ്ങൾ പറഞ്ഞു. മുൻ പ്രിൻസിപ്പൽ സന്ദീപ് ഉൾപ്പെടെ മൂന്നുപേരെ കേസിൽ സിബിഐ ഇതിനകം അറസ്റ്റ്ചെയ്തിട്ടുണ്ട്.