ബിഹാറിൽ വീണ്ടും പാലം തകർന്നു; ആർക്കും പരിക്കില്ല
Tuesday, September 24, 2024 1:48 AM IST
പാറ്റ്ന: ബിഹാറിൽ വീണ്ടും പാലം തകർന്നു. പാറ്റ്ന ജില്ലയിൽ നിർമാണത്തിലിരിക്കുന്ന ബക്തിയാർപുർ-താജ്പുർ ഗംഗാ മഹാസേതു പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നത്.
ഞായറാഴ്ച രാത്രി നടന്ന അപകടത്തിൽ ആർക്കും പരുക്കില്ല. ബിഹാർ സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ മേൽനോട്ടത്തിലാണ് പാലം പണിയുന്നത്. ഇതിന്റെ ഗർഡറുകളുടെ ബെയറിംഗുകൾ മാറ്റിസ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. തൂണുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെ അതിലൊന്ന് തകരുകയായിരുന്നു.
2011 ജൂണിലാണ് 5.57 കിലോമീറ്റർ ദൈർഘ്യമുള്ള ഭക്തിയാർപുർ-താജ്പുർ ഗംഗാ മഹാസേതുവിന്റെ നിർമാണത്തിന് ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ തറക്കല്ലിട്ടത്. 1,602.74 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.
സമസ്തിപുരിലെ എൻഎച്ച് 28നെയും പാറ്റ്നയിലെ എൻഎച്ച് 31നെയും ബന്ധിപ്പിക്കുന്നതാണ് പാലം. സമീപകാലത്ത് ബിഹാറിലെ പല ജില്ലകളിലായി ഡസനിലധികം പാലങ്ങളും ക്രോസ്വേകളും തകർന്നിരുന്നു.