മാനവികതയുടെ വിജയം കൂട്ടായ ശക്തിയില്‍; നരേന്ദ്ര മോദി
Monday, September 23, 2024 11:54 PM IST
ന്യൂയോർക്ക്: സുസ്ഥിര വികസനത്തിനായി മനുഷ്യ കേന്ദ്രീകൃതമായ സമീപനത്തിന് ലോകരാജ്യങ്ങൾ മുൻഗണന നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎന്നിന്റെ സമ്മിറ്റ് ഓഫ് ഫ്യൂച്ചർ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് ഏഷ്യൻ - ആഫ്രിക്കൻ രാജ്യങ്ങളുടെ എൈക്യം അനിവാര്യമാണ്. ഗ്ലോബൽ സൗത്തിന് വേണ്ടി നിലകൊള്ളണം. യുഎന്നിന്റെ ഭാവിക്കായുള്ള ഉച്ചകോടിയിൽ ആഗോള തലത്തിലെ വെല്ലുവിളികൾ നേരിടുന്നത് എങ്ങനെ എന്ന വിഷയത്തിലായിരുന്നു പ്രസംഗം.
മനുഷ്യത്വത്തിന്റെ വിജയം നമ്മുടെ കൂട്ടായ ശക്തിയിലാണ് അല്ലാതെ യുദ്ധക്കളത്തിലല്ല. ലോക സമാധാനത്തിനും വികസനത്തിനും ഭീകരവാദം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. സൈബറിടം, ബഹിരാകാശം, കടൽ എന്നീ മേഖലകളിൽ പുതിയ ഭീഷണികൾ ഉയർന്നുവരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സുസ്ഥിര വികസനം വിജയകരമായി നടപ്പാക്കിയ രാജ്യമാണ് ഇന്ത്യ. 250 ദശലക്ഷം ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി. ഇന്ത്യയുടെ പൊതു ഡിജിറ്റൽ സംവിധാനങ്ങൾ ലോകവുമായി പങ്കുവെക്കാൻ സന്നദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.