വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ പി.വി.അൻവർ പരാതി നൽകി
Monday, September 23, 2024 8:15 PM IST
മലപ്പുറം: വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി പി.വി.അൻവർ എംഎൽഎ. രാജേഷ് എന്ന ഉദ്യോഗസ്ഥനെതിരെ മന്ത്രി എ.കെ.ശശീന്ദ്രൻ, സ്പീക്കർ എ.എൻ.ഷംസീർ, ചീഫ് സെക്രട്ടറി എന്നിവർക്കാണ് പരാതി നൽകിയത്. നിലമ്പൂരിൽ വനംവകുപ്പിന്റെ പരിപാടിയിൽ പങ്കെടുത്ത് പുറത്തിറങ്ങിയപ്പോൾ അൻവർ വനം വകുപ്പ് ഉദ്യോഗസ്ഥനുമായി തർക്കമുണ്ടായിരുന്നു.
അൻവറിന്റെ വാഹനം മാറ്റിയിടാൻ ഡ്രൈവറോട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. ആദ്യം ഒരു സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്തപ്പോൾ മാറ്റിയിടണമെന്ന് പറഞ്ഞു. വീണ്ടും മാറ്റിയിട്ടപ്പോള്‍ അവിടെ നിന്നും മാറ്റിയിടാൻ പറഞ്ഞുവെന്നാണ് ആരോപണം. ഇക്കാര്യം അൻവര്‍ പരിപാടി കഴിഞ്ഞ് എത്തിയപ്പോള്‍ ഡ്രൈവര്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് വണ്ടി മാറ്റിയിടാൻ പറഞ്ഞ ഓഫീസര്‍ ആരാണെന്ന് ചോദിച്ച് ഓഫീസിലേക്ക് അൻവര്‍ എത്തുകയായിരുന്നു. എന്നാല്‍ ഓഫീസര്‍ അവിടെ ഇല്ലെന്ന് റേഞ്ച് ഓഫീസര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് റേഞ്ച് ഓഫീസറോട് അൻവര്‍ കയര്‍ത്ത് സംസാരിച്ചത്.
തന്നോടുള്ള വിരോധത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കമുണ്ടായതെന്നാണ് പി.വി. അൻവറിന്റെ ആരോപണം. വണ്ടി മാറ്റിയിടാൻ പറഞ്ഞ ഉദ്യോഗസ്ഥനോട് വൈകുന്നേരം നാലിന് മുമ്പ് ഗസ്റ്റ് ഗൗസില്‍ തന്നെ വന്ന് കാണണമെന്നും ഇല്ലെങ്കില്‍ ഇങ്ങോട്ട് വരുമെന്നും ഉദ്യോഗസ്ഥനോട് അൻവര്‍ പറഞ്ഞു.