വനംവകുപ്പിൽ ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥ: പി.വി.അന്‍വര്‍
Monday, September 23, 2024 5:28 PM IST
മലപ്പുറം : മന്ത്രി എ.കെ.ശശീന്ദ്രനെ വേദിയിലിരുത്തി വനംവകുപ്പിനെയും സര്‍ക്കാരിനെയും വിമർശിച്ച് പി.വി.അന്‍വര്‍ എംഎല്‍എ. കെ.സുധാകരൻ വനം മന്ത്രിയായിട്ട് ഇതൊന്നും നേരെയായിട്ടില്ലെന്നും പിന്നല്ലേ പാവം ശശീന്ദ്രൻ വിചാരിച്ചിട്ട് എന്നായിരുന്നു അൻവറിന്റെ പരാമർശം.
വനംവകുപ്പുമായി ബന്ധപ്പെട്ട് ചോദിക്കാനും പറയാനും ആളില്ലാത്ത സ്ഥിതിയുണ്ടെന്നും സര്‍ക്കാര്‍ ഇടപെടേണ്ട വിഷയത്തില്‍ ഇടപെടാത്തതുകാരണം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വോട്ട് പോയെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ വനംവകുപ്പിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അന്‍വര്‍.
വനം വന്യജീവി സംരക്ഷണ മന്ത്രിക്കൊപ്പം മനുഷ്യ സംരക്ഷണ മന്ത്രി കൂടി വേണ്ട അവസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോൾ. വനംവകുപ്പ് ജീവനക്കാരുടെ തോന്ന്യവാസത്തിന് അതിരില്ല. ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാള്‍ ക്രൂരമാണ്. വനത്തിൽ ആർക്കും പ്രവേശനമില്ല.
വനത്തിൽ എന്തും നടക്കുമെന്നതാണ് സ്ഥിതി. ജനവാസ മേഖലയിൽ സ്ഥിരമായി വന്യജീവി ആക്രമണം ഉണ്ടാവുകയാണ്. നഗരങ്ങളിൽ വരെ വന്യജീവികൾ എത്തുന്നുണ്ട്. സോഷ്യൽ ഓഡിറ്റിനു വിധേയമാകാത്ത അന്യർക്ക് പ്രവേശനമില്ലെന്ന് എഴുതിവയ്ക്കുന്ന വകുപ്പാണ് വനം വകുപ്പ്.
മാധ്യമപ്രവർത്തകരെയും ജനപ്രതിനിധികളെയും വനത്തിലേക്ക് കയറ്റില്ല. വനത്തിനകത്ത് വന്യജീവികൾക്ക് ഭക്ഷണം കിട്ടുന്നില്ലെന്നും അൻവർ പറഞ്ഞു.