ഗംഗാവലിപ്പുഴയിൽനിന്ന് ക്രാഷ് ഗാർഡ് കണ്ടെത്തി; അർജുന്റെ വാഹനത്തിന്റേതെന്ന് സ്ഥിരീകരണം
Monday, September 23, 2024 2:54 PM IST
ഷിരൂർ: കർണാടകയിലെ ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനു വേണ്ടിയുള്ള തിരച്ചിലിനിടെ ലോറിയുടെ ക്രാഷ് ഗാർഡ് ഗംഗാവലിപ്പുഴയിൽനിന്ന് കണ്ടെത്തി. ഇത് അർജുന്റെ വാഹനത്തിന്റേതാണെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചു. പുഴയിൽനിന്നു മറ്റൊരു ലോഹഭാഗം കൂടി കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ, പൊട്ടിവീണ ഇലക്ട്രിക് ടവറിന്റെ ഒരുഭാഗവും ഒരു കെട്ട് കയറും കണ്ടെത്തിയിരുന്നു. നാവിക സേനാ സംഘം മാര്‍ക്ക് ചെയ്ത പോയിന്റ്-2 വിൽ നടന്ന തിരച്ചിലിലാണ് കയറുൾപ്പെടെയുള്ളവ കണ്ടെത്തിയത്. ഇനിയും നീളത്തിൽ കയർ ഉണ്ടെന്നും ഇതിന്റെ അറ്റം പിടിച്ച് പോയാൽ ലോറിയിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മനാഫ് പറയുന്നു.
ഇതേ പോയിന്റിൽ നടത്തിയ തിരച്ചിലിൽ ലക്ഷ്മണന്റെ ചായക്കടയുടെ ഷീറ്റ് കണ്ടെത്തിയിരുന്നു. പിന്നാലെ തോൾ സഞ്ചിയും ലഭിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ ലഭിച്ച അസ്ഥിയുടെ ഭാഗം ഇന്ന് ഡിഎൻഎ പരിശോധനയ്ക്കായി ഐഎഫ്എസ്എല്ലിലേക്ക് അയക്കും. ഫലം ലഭ്യമാകാൻ അഞ്ചു ദിവസത്തോളം സമയം എടുക്കും.