അന്‍വറിനെ പുറത്താക്കിയാല്‍ ഇനിയും പലതും പുറത്തുവരും: കെ. സുധാകരന്
Monday, September 23, 2024 12:50 AM IST
കണ്ണൂര്‍: അന്‍വറിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടിക്ക് ഭയമാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. അന്‍വറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ ഇനിയും പലതും പുറത്തുവരുമെന്നും സുധാകരന് പറഞ്ഞു.
മുഖ്യമന്ത്രിക്ക് രണ്ട് മുഖമുണ്ട്, ഒന്ന് ഭരണപക്ഷ മുഖവും മറ്റൊന്ന് പ്രതിപക്ഷത്തിന്റെ മുഖവുമാണ്. രണ്ട് മുഖവും കൂടി ചേര്‍ന്നുള്ള മുഖത്തില്‍ മുഖ്യമന്ത്രി നില്‍ക്കുകയാണ്. വസ്തുനിഷ്ടമായ കാര്യങ്ങള്‍ ജനമറിയാന്‍ മുഖ്യമന്ത്രിക്ക് താല്പര്യമില്ലെന്നും സുധാകരന് പറഞ്ഞു.
മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന അന്‍വര്‍ എംഎല്‍എയ്ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎമ്മിന് കഴിയുന്നില്ലെന്നും സുധാകരന് പറഞ്ഞു. അന്‍വറിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടിക്ക് ഭയമാണ്.
അന്‍വറും എഡിജിപിയും ഇപ്പോഴും പലതും മൂടിവച്ചാണ് സംസാരിക്കുന്നത്. ഇതെല്ലാം ഗുണമാകുന്നത് മുഖ്യമന്ത്രിക്ക് തന്നെയാണ്. അജിത് കുമാറിനെതിരെ സത്യസന്ധമായ റിപ്പോര്‍ട്ട് കിട്ടുമോ.
അദ്ദേഹത്തിന്റെ താല്പര്യം സംരക്ഷിക്കുന്ന റിപ്പോര്‍ട്ടല്ലേ മുഖ്യമന്ത്രിക്ക് കൊടുക്കാന്‍ കഴിയുകയുള്ളു. ഒരു ഭാഗത്ത് എഡിജിപിക്കെതിരെ പറയുന്ന മുഖ്യമന്ത്രി മറുഭാഗത്ത് രണ്ട് പേരെയും സംരക്ഷിക്കുന്ന നിലപാടെടുക്കുന്നുവെന്നും സുധാകരന് കുറ്റപ്പെടുത്തി.