നിർമല സീതാരാമന്റെ പ്രസ്താവന വിചിത്രം, നിന്ദ്യം: രമേശ് ചെന്നിത്തല
Sunday, September 22, 2024 9:34 PM IST
തിരുവനന്തപുരം: അന്ന സെബാസ്റ്റ്യന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി നിർമലാ സീതാരാമന്റെ പ്രസ്താവന നിന്ദ്യവും വിചിത്രവുമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാജ്യത്തെ ചെറുപ്പക്കാരോടും സ്ത്രീകളോടുമുള്ള കേന്ദ്ര സർക്കാരിന്റെ സമീപനമാണ് മുതിർന്ന ഒരു മന്ത്രിയിൽ നിന്നുണ്ടായതെന്ന് ചെന്നിത്തല വിമർശിച്ചു.
മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. അതിന്മേൽ നടപടികളെടുക്കാതെ അന്നയെയും അവരുടെ മാതാപിതാക്കളെയും അപകീർത്തിപ്പെടുത്തുന്ന പ്രസ്താവന പിൻവലിച്ച് നിർമല സീതാരാമൻ മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
നല്ല കോഴ്സ് പഠിച്ചിട്ട് ജോലിക്ക് കയറി പെണ്‍കുട്ടി ജോലി ഭാരം താങ്ങാനാകാതെ മരിച്ചത് ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് മന്ത്രി പറഞ്ഞിരുന്നു.
നല്ല മനശക്തി ഉണ്ടെങ്കിലേ വെല്ലുവിളികളെ നേരിടാനാകു. അതിനായി ധ്യാനം ഏറെ സഹായകരമാകുമെന്നും നിര്‍മല സീതാരാമൻ പറഞ്ഞു.
മനശക്തി വർധിപ്പിക്കാനുളള വഴികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുടുംബങ്ങളിലും പഠിപ്പിച്ചാൽ സമ്മർദത്തെ അതിജീവിക്കാനാകും.
എത്ര പഠിച്ച് എവിടെ എത്തിയാലും മനശക്തി ഉണ്ടാക്കണമെന്ന് കുടുംബാംഗങ്ങള്‍ പറയണം. ദൈവികമായിട്ടാണ് അത് വരേണ്ടത്. ഈശ്വരചിന്തയും ധ്യാനവും മനശക്തി വർധിപ്പിക്കാൻ സഹായകരമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.