ഇറാനിൽ കൽക്കരി ഖനിയിൽ സ്ഫോടനം; 51 മരണം
Sunday, September 22, 2024 6:21 PM IST
ടെഹ്റാൻ: ഇറാനിൽ കൽക്കരി ഖനിയിൽ മീഥെയ്ൻ വാതക ചോർച്ചയെ തുടർന്നുണ്ടായ സ്ഫോടനത്തിൽ 51 പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. ഇറാനിലെ ദക്ഷിണ ഖൊറാസാൻ പ്രവിശ്യയിലാണ് സ്ഫോടനമുണ്ടായത്. പ്രദേശിക സമയം ശനിയാഴ്ച രാത്രി ഒൻപതിനാണ് സ്ഫോടനമുണ്ടായത്.
മദഞ്ചു കന്പനി നടത്തുന്ന ഖനിയിലെ ബി, സി എന്നീ രണ്ട് ബ്ലോക്കുകളിലാണ് സ്ഫോടനമുണ്ടായത്. രാജ്യത്തിന്റെ കൽക്കരിയുടെ 76 ശതമാനം ഈ മേഖലയിൽ നിന്നാണ് ലഭിക്കുന്നത്. മദഞ്ചു കന്പനി ഉൾപ്പെടെ പത്ത് വൻകിട കന്പനികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.
ബി ബ്ലോക്കിലെ രക്ഷാപ്രവർത്തനം പൂർത്തിയായി. ബ്ലോക്കിലുണ്ടായിരുന്ന 47 തൊഴിലാളികളിൽ 30 പേർ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദക്ഷിണ ഖൊറാസാൻ ഗവർണർ അലി അക്ബർ റഹ്മി അറിയിച്ചു. സി ബ്ലോക്കിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. ബ്ലോക്കിൽ മീഥെയ്ൻ സാന്ദ്രത കൂടുതലാണെന്നും പ്രവർത്തനം ഏകദേശം 34 മണിക്കൂർ എടുക്കുമെന്നും അലി അക്ബർ റഹ്മി പറഞ്ഞു.
സ്ഫോടനം നടക്കുന്പോൾ ബ്ലോക്കുകളിൽ 69 തൊഴിലാളികൾ ഉണ്ടായിരുന്നുവെന്ന് സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു.