അന്‍വര്‍ പാര്‍ട്ടിക്ക് വിധേയനാകണം: കാരാട്ട് റസാഖ്
Sunday, September 22, 2024 2:28 PM IST
കോഴിക്കോട്: പി.വി.അന്‍വര്‍ പാര്‍ട്ടിക്ക് വിധേയമായി പ്രവർത്തിക്കണമെന്ന് മുന്‍ എംഎല്‍എ കാരാട്ട് റസാഖ്. അന്‍വര്‍ തിരുത്തണമെന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും കാരാട്ട് റസാഖ് പറഞ്ഞു.
സിപിഎം നിലപാടിന് ഒപ്പം നില്‍ക്കുന്നതാണ് നല്ലത്. അന്‍വറിന് സ്വന്തം നിലപാടുകളുണ്ട്. സ്വതന്ത്ര എംഎല്‍എമാരെ പാര്‍ട്ടി പരിഗണിക്കണം. നേരത്തെ അന്‍വറിന് പിന്തുണ പ്രഖ്യാപിച്ച കാരാട്ട് റസാഖ് പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ പരാതിയില്ലെന്ന നിലപാടിലാണ്.
അതിനിടെ അന്‍വറിന്റെ ആരോപണങ്ങളില്‍ വിയോജിപ്പ് അറിയിച്ച് സിപിഎം രംഗത്തെത്തി. അന്‍വര്‍ നിരന്തരം മാധ്യമങ്ങള്‍ വഴി ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനോട് യോജിക്കാനാകില്ല. അന്‍വറിന്റെ നിലപാട് പാര്‍ട്ടി ശത്രുക്കള്‍ക്ക് ആക്രമിക്കാനുള്ള ആയുധമായി മാറുന്നു.
ഇത്തരം നിലപാടുകള്‍ തിരുത്തണം. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.