നേതാക്കളെ ജയിലിലാക്കാനും ഡൽഹിയിലെ വികസനം തടയാനുമാണ് ബിജെപി ശ്രമിക്കുന്നത്: അതിഷി
Sunday, September 22, 2024 5:47 AM IST
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തതിനിന് പിന്നാലെ ബിജെപിയെ കടന്നാക്രമിച്ച് അതിഷി മർലേന. ആം ആദ്മി പാർട്ടി നേതാക്കളെ ജയിലിലാക്കാനും ഡൽഹിയിലെ വികസനം തടസപ്പെടുത്താനും മാത്രമാണ് ബിജെപി ശ്രമിക്കുന്നതെന്ന് അതിഷി കുറ്റപ്പെടുത്തി.
ഇപ്പോൾ അരവിന്ദ് കേജരിവാൾ ജയിലിൽ അല്ലെന്ന് അതിഷി ബിജെപിയെ ഓർമപ്പെടുത്തി. കേജരിവാൾ ജയിലിൽ നിന്ന് പുറത്തുവരാതിരിക്കാൻ ബിജെപി ഗൂഢാലോചന നടത്തി. എന്നാൽ ബിജെപിയ്ക്ക് മുന്നിൽ മുട്ടുമടക്കാൻ കേജരിവാൾ തയാറായില്ലെന്നും അവർ പറഞ്ഞു.
സുപ്രീം കോടതിയുടെ വിധിയ്ക്ക് പുറമെ ജനങ്ങളുടെ കോടതിയിലും സത്യസന്ധത തെളിയിക്കണം എന്നതിനാലാണ് അദ്ദേഹം രാജിവെച്ചത്. തന്നിൽ വിശ്വാസം അർപ്പിച്ചതിന് കേജരിവാളിന് നന്ദിയുണ്ടെന്നും അതിഷി കൂട്ടിച്ചേർത്തു.