നയിക്കാൻ ആര്? ശ്രീലങ്കന്‍ ജനത പോളിംഗ് ബൂത്തിൽ
Saturday, September 21, 2024 10:33 AM IST
കൊളംബോ: ശ്രീലങ്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു. 38 സ്ഥാനാർഥികൾ രംഗത്തുണ്ടെങ്കിലും ഇപ്പോഴത്തെ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, പ്രതിപക്ഷനേതാവ് സജിത്ത് പ്രേമദാസ, ഇടതു നേതാവ് അരുണ കുമാര ദിശനായക എന്നിവർ തമ്മിലാണ് പ്രധാന മത്സരം.
ദിശനായകയ്ക്കാണ് മുൻതൂക്കം. മുന്‍പ് പ്രസിഡന്റും പ്രധാനമന്ത്രിയുമായിരുന്ന മഹിന്ദ രജപക്സെയുടെ മൂത്ത മകൻ നമാൽ രജപക്സെമത്സരിക്കുന്നുണ്ടെങ്കിലും കാര്യമായ ജനപിന്തുണയില്ല.
രണ്ടു വർഷം മുന്‍പത്തെ സാന്പത്തിക പ്രതിസന്ധിക്കും തുടർന്ന് രജപക്സെ കുടുംബം അധികാരത്തിൽനിന്നു പുറത്താക്കപ്പെട്ട ജനകീയ പ്രക്ഷോഭത്തിനും ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. രാജ്യത്തിന്റെ സാന്പത്തികസ്ഥിതിതന്നെയാണു പ്രധാന തെരഞ്ഞെടുപ്പുവിഷയം. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം നാലിന് അവസാനിക്കും.
പ്രസിഡന്റായിരുന്ന ഗോട്ടഭയ രജപക്സെ 2022 ജൂലൈയിലെ ജനകീയ പ്രക്ഷോഭത്തിൽ രാജിവച്ച് രാജ്യംവിട്ടതിനു പിന്നാലെയാണ് റനിൽ വിക്രമിസിംഗെ പ്രസിഡന്റായത്. ആറു വട്ടം പ്രധാനമന്ത്രിയായിരുന്നതിന്റെ അനുഭവസന്പത്തുമായി ഭരണം തുടങ്ങി വിക്രമസിംഗെയ്ക്കു സാന്പത്തികനില മെച്ചപ്പെടുത്താൻ കഴിഞ്ഞു.
എന്നാൽ, രജപക്സെ കുടുംബത്തിന്റെ എസ്എൽപിപി പാർട്ടിയുടെ പിന്തുണയോടെ ഭരണം നടത്തുന്നതിന്റെ പേരിൽ ജനങ്ങൾക്ക് അദ്ദേഹത്തോട് ഇഷ്ടക്കേടുണ്ട്. യുണൈറ്റഡ് നാഷണൽ പാർട്ടിക്കാരനായ (യുഎൻപി) അദ്ദേഹം സ്വതന്ത്രനായിട്ടാണു മത്സരിക്കുന്നത്.
വിക്രമസിംഗെയുമായി തെറ്റിപ്പിരിഞ്ഞ് എസ്ജെബി പാർട്ടിയുണ്ടാക്കിയ സജിത്ത് പ്രേമദാസ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഗോട്ടാഭയയോടു തോറ്റതാണ്. 1993ൽ തമിഴ് പുലികൾ വധിച്ച മുൻ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ മകനാണ്. തെരഞ്ഞെടുപ്പിൽ തമിഴ് വംശജരുടെ പിന്തുണ നേടാൻ ശ്രമിച്ചു.
രജപക്സെമാരെ പുറത്താക്കിയ ജനകീയ പ്രക്ഷോഭത്തിൽ ഉയർന്നുവന്ന ജനതാ വിമുക്തി പെരമുന (ജെവിപി) എന്ന മാർക്സിസ്റ്റ് പാർട്ടിയുടെ നേതാവാണ് അരുണ കുമാര ദിശനായക. പാർലമെന്റിൽ പാർട്ടിക്കു കാര്യമായ സീറ്റുകളില്ല. എന്നാൽ പ്രക്ഷോഭത്തിലൂടെ ദിശനായകയുടെ ജനപ്രീതി കുത്തനെ ഉയർന്നു.