അജിത് കുമാര്‍ സമാന്തര അന്വേഷണം നടത്തുന്നു: പി.വി. അന്‍വര്‍
Saturday, September 21, 2024 4:06 AM IST
മലപ്പുറം: എഡിജിപി എം.ആര്. അജിത് കുമാര്‍ അദ്ദേഹത്തിന് എതിരെയുള്ള ആരോപണങ്ങളില്‍ എസ്ഐടി നടത്തുന്ന അന്വേഷണത്തിന് സമാന്തരമായി നിയമപരമല്ലാത്ത അന്വേഷണം നടത്തുന്നതായി പി.വി.അന്‍വര്‍ എംഎല്‍എ. അദ്ദേഹത്തിനെതിരെ തനിക്ക് ലഭിച്ച തെളിവുകള്‍ എവിടെനിന്ന് ലഭിച്ചുവെന്ന് കണ്ടെത്താനാണിത്. പോലീസിന്റെ എല്ലാ ചട്ടങ്ങളും മറികടന്നാണ് അജിത് കുമാര്‍ ഇതിന് നേതൃത്വം നല്‍കുന്നത്. ഇതുമതി അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യാനെന്നും അദ്ദേഹം പറഞ്ഞു.
തെളിവുകള്‍ തന്ന പോലീസുകാരും വ്യക്തികളും ആരെല്ലാമെന്ന് അന്വേഷിച്ച് അജിത്കുമാര്‍ അവരെ ഭീഷണിപ്പെടുത്തുന്നുണ്ട്. തെളിവ് നല്കാന് തയാറായ പലരും മടിച്ച് നില്‍ക്കുകയാണ്. സമാന്തര അന്വേഷണം കേരളത്തിന്റെ പോലീസ് ചരിത്രത്തില്‍ ഇല്ലാത്തതാണ്. സര്‍ക്കാരും മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും ചട്ടങ്ങളും തനിക്ക് ബാധകമല്ലെന്ന് അജിത് കുമാര്‍ ആവര്‍ത്തിച്ച് തെളിയിക്കുന്നു.
അജിത് കുമാറിനെക്കുറിച്ച് താന്‍ വെളിപ്പെടുത്തിയ കാര്യങ്ങളില്‍ അടിസ്ഥാനപരമായ തെളിവുകളുണ്ടെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയത്. അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്ത് വേണം അന്വേഷണം നടത്തേണ്ടതെന്നും പി.വി. അന്‍വര്‍ ആവശ്യപ്പെട്ടു.
വിജിലന്‍സ് അന്വേഷണം സംബന്ധിച്ച ഡിജിപിയുടെ ഫയല്‍ വ്യാഴാഴ്ച രാത്രിയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയതെന്നും അദ്ദേഹം അപ്പോള്‍ തന്നെ അന്വേഷണത്തിന് അനുമതി നല്‍കിയെന്നും അറിയാന്‍ സാധിച്ചു. ഇത്ര ദിവസം ഫയല്‍ എവിടെയായിരുന്നെന്നും അന്വേഷണം നീണ്ടുപോകുന്നത് എന്തുകൊണ്ടാണെന്നും എല്ലാവരും അന്വേഷിച്ചു.
ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും വഴിയാണ് ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തേണ്ടതെന്ന വിശദീകരണമാണ് വന്നിരിക്കുന്നത്. ഇതായിരിക്കും ശരി. വിഷയം ഇത്രയധികം ചര്‍ച്ചയായിട്ടും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി ഒരു പത്രക്കുറിപ്പ് പോലും ഇറക്കിയില്ല. മുഖ്യമന്ത്രിയാണ് അന്വേഷണം വൈകിപ്പിക്കാന്‍ കാരണക്കാരനായത് എന്നത് ചര്‍ച്ചയാകാന്‍ കൂട്ടുനിന്നു. പി.ശശിയ്ക്ക് വ്യക്തമായ ചില രാഷ്ട്രീയ അജണ്ടയുണ്ടെന്നും അന്‍വര്‍ തുറന്നടിച്ചു.