എംഎല്‍എയ്ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കു സസ്പെന്ഷന്
Saturday, September 21, 2024 3:26 AM IST
കാഞ്ഞങ്ങാട്: മുന്നാക്ക സമുദായാംഗമായ എംഎല്‍എയെ ജാതീയമായും വ്യക്തിപരമായും അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പട്ടികജാതിക്കാരനായ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കു സസ്പെന്ഷന്. മുൻ റവന്യൂ മന്ത്രിയും കാഞ്ഞങ്ങാട് എംഎൽഎയുമായ ഇ. ചന്ദ്രശേഖരനെതിരേ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനാണ് വെള്ളരിക്കുണ്ട് താലൂക്കിലെ ഡെപ്യൂട്ടി തഹസിൽദാർ കാഞ്ഞങ്ങാട് ആനന്ദാശ്രമം സ്വദേശി എ. പവിത്രനെ കളക്ടർ കെ. ഇമ്പശേഖര്‍ സസ്പെന്‍ഡ് ചെയ്തത്.
സിപിഐ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ അംഗമായ പവിത്രൻ സെപ്റ്റംബർ 12 നാണു സ്വന്തം പാർട്ടി നേതാവായ എംഎൽഎയെ അധിക്ഷേപിക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
താൻ സർവീസിൽ കയറിയശേഷം കണ്ട ഏറ്റവും മോശം റവന്യു മന്ത്രി ചന്ദ്രശേഖരനാണെന്നും മുന്നാക്കക്കാരനായ ഇദ്ദേഹം സംഘടനയിലെ പട്ടികജാതിക്കാരെ പാടേ തഴയുകയാണെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു.
ചന്ദ്രശേഖരന്റെ ജാതിപ്പേര് ഉപയോഗിച്ചുള്ള വ്യക്തിയധിക്ഷേപവും ഉണ്ടായി. ഇതിനെതിരായി അപ്പോൾതന്നെ ചന്ദ്രശേഖരൻ കളക്ടർക്ക് പരാതി നല്‍കിയിരുന്നു. മണിക്കൂറുകൾക്കുള്ളിൽ പോസ്റ്റ് പിൻവലിച്ച പവിത്രൻ തൊട്ടടുത്ത ദിവസം തെറ്റ് സംഭവിച്ചുവെന്ന് ഏറ്റുപറഞ്ഞ് വിശദീകരണവും നല്കി.
എന്നാൽ മുമ്പും പലതവണ വ്യക്തികളെ അധിക്ഷേപിക്കുന്ന രീതിയിൽ പവിത്രൻ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരുന്നുവെന്നും അന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും വീണ്ടും ഇത്തരത്തിലുള്ള പോസ്റ്റുകൾ ഇട്ടത് അച്ചടക്കലംഘനവും റവന്യൂ വകുപ്പിന്റെ യശസിനു കളങ്കമുണ്ടാക്കുന്നതുമാണെന്നും ചൂണ്ടിക്കാട്ടിയാണ് കളക്ടർ സസ്പെൻഷൻ ഉത്തരവിറക്കിയത്.