മലയാള സിനിമയുടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിന് തിരശീല വീണു; കവിയൂർ പൊന്നമ്മയെ അനുസ്മരിച്ച് മുഖ്യമന്ത്രി
Friday, September 20, 2024 8:25 PM IST
തിരുവനന്തപുരം: അന്തരിച്ച നടി കവിയൂർ പൊന്നമ്മയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള സിനിമയുടെയും നാടകലോകത്തിന്റെയും ചരിത്രത്തിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച കവിയൂർ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശീല വീണിരിക്കുന്നതെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. തന്റെ കഥാപാത്രങ്ങളിലൂടെ കവിയൂര്‍ പൊന്നമ്മ എന്നും മലയാളികളുടെ മനസില്‍ മായാതെ നില്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു കവിയൂർ പൊന്നമ്മയുടെ അന്ത്യം. അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച അഭിനേത്രിയായിരുന്നു അവർ.
ഗായികയായി കലാജീവിതമാരംഭിച്ച പൊന്നമ്മ നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിൽ എത്തുകയായിരുന്നു. പതിനാലാം വയസിൽ, കാളിദാസ കലാകേന്ദ്രത്തിലെ നൃത്ത അധ്യാപകൻ തങ്കപ്പൻ മാസ്റ്ററുടെ നിർബന്ധത്തിലാണ് ആദ്യമായി സിനിമയിലഭിനയിച്ചത്.
നാന്നൂറിലധികം സിനിമകളിൽ അഭിനയിച്ചു. കെപിഎസി നാടകങ്ങളില്‍ അഭിനയിച്ചായിരുന്നു തുടക്കം. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 2021 ൽ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന ചിത്രമാണ് അവസാനമായി കവിയൂർ പൊന്നമ്മ വേഷമിട്ട ചിത്രം. ഏക മകൾ ബിന്ദു യുഎസിലാണ്.