ഡാമില്‍ കാണാതായ കുട്ടിക്കായി ഡ്രോണ്‍ ഉപയോഗിച്ച് തെരച്ചില്‍
Friday, September 20, 2024 5:25 PM IST
ഇടുക്കി: ഇരട്ടയാര്‍ ഡാമില്‍ കാണാതായ കുട്ടിക്കായി ഡ്രോണ്‍ ഉപയോഗിച്ച് തെരച്ചിൽ തുടരുന്നു. ഇരട്ടയാറില്‍നിന്ന് ഇടുക്കി ജലാശയത്തിലേക്ക് വെള്ളമെത്തിക്കുന്ന ടണലില്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് പരിശോധന. ഇതിനു പുറമേ അഞ്ചുരുളി കേന്ദ്രീകരിച്ച് ജലാശയത്തില്‍ ഫയര്‍ഫോഴ്സിന്റെ സ്കൂബാ ടീമും തെരച്ചില്‍ നടത്തി.
ഇരട്ടയാര്‍ ചേലക്കല്‍ കവലയില്‍ ബന്ധുവീട്ടിലെത്തിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു അപകടം. കായംകുളം സ്വദേശി മുതുകുളം നടുവിലേത്ത് പൊന്നപ്പന്റെ മകന് അതുല്‍ ഹരീഷിന്റെ (13) മൃതദേഹം കണ്ടെടുത്തിരുന്നു.
ഉപ്പുതറ വളകോട് സ്വദേശി രതീഷിന്റെ മകന് അസ്വരേഷി (12)നെയാണ് കാണാതായത്. ഓണാവധി ആഘോഷിക്കാന്‍ മുത്തച്ഛന്റെ വീട്ടിലെത്തിയതായിരുന്നു കുട്ടികള്‍. കുട്ടികള്‍ കുളിക്കാനിറങ്ങിയ സ്ഥലത്തും സ്കൂബ ടീം ബോട്ട് ഉപയോഗിച്ച് പരിശോധിച്ചു.
അഞ്ചു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ടണലാണ് ഇരട്ടയാറ്റില്നിന്നും അഞ്ചുരുളിയിലേക്കുള്ളത്. ഇതില്‍ നൈറ്റ് വിഷന്‍ ഡ്രോണുകളാണ് ഉപയോഗിക്കുന്നത്. ഇരട്ടയാറില്‍ നിന്നും അഞ്ചുരുളിയില്‍ നിന്നും ട്രോണുകള്‍ പറത്തിയുള്ള പരിശോധനയാണ് നടത്തുന്നത്.
കുട്ടികള്‍ കുളിക്കാനിറങ്ങിയ സ്ഥലത്ത് കുട്ടികളുടെ ചെരുപ്പും വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു. കാണാതായ അസ്വരേഷ് ടണലിലൂടെ ഒഴുപ്പോയെന്ന നിഗമനത്തെത്തുടര്‍ന്നാണ് ടണലിലും ജലാശയത്തിലും ഉള്‍പ്പെടെ ഫയര്‍ഫോഴ്സും പോലീസും പ്രദേശവാസികളും ചേര്‍ന്ന് പരിശോധന നടത്തുകയാണ്.