ബംഗളുരു-കൊച്ചുവേളി റൂട്ടിൽ പൂജ സ്പെഷൽ ട്രെയിൻ
Friday, September 20, 2024 4:36 PM IST
കൊല്ലം: ഉത്സവകാല തിരക്ക് പ്രമാണിച്ച് ബംഗളുരു-കൊച്ചുവേളി റൂട്ടിൽ പ്രതിവാര പൂജ സ്പെഷൽ ട്രെയിൻ ഓടിക്കാൻ റെയിൽവേ തീരുമാനം. ഒക്ടോബർ ഒന്നു മുതൽ നവംബർ ആറു വരെയാണ് സർവീസ്. നിലവിൽ ഈ റൂട്ടിൽ ഓടിയിരുന്ന ഓണം സ്പെഷലാണ് പൂജ സ്പെഷൽ എന്ന പേരിൽ സർവീസ് ദീർഘിപ്പിച്ചിട്ടുള്ളത്.
കൊച്ചുവേളി-ബംഗളുരു സ്പെഷൽ ഒക്ടോബർ ഒന്ന്, എട്ട്, 15, 22, 29, നവംബർ അഞ്ച് തീയതികളിൽ കൊച്ചുവേളിയിൽ നിന്ന് വൈകുന്നേരം 6.05ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.55ന് ബംഗളുരുവിൽ എത്തും.
തിരികെയുള്ള സർവീസ് ബംഗളുരുവിൽ നിന്ന് ഒക്ടോബർ രണ്ട്, ഒമ്പത്, 16, 23, 30, നവംബർ ആറ് തീയതികളിൽ ബംഗളുരുവിൽ നിന്ന് ഉച്ചയ്ക്ക് 12.45ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.45ന് കൊച്ചുവേളിയിൽ എത്തും.
പാലക്കാട് ജംഗ്ഷൻ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. കോച്ച് കോംപോസിഷനിൽ മാറ്റമൊന്നുമില്ല. റിസർവേഷൻ ഉടൻ ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.