പൂരം കലക്കൽ; അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതെന്ന് സുനിൽകുമാർ
Friday, September 20, 2024 3:30 PM IST
തൃശൂർ: പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ നാലു മാസത്തിനുശേഷവും അന്വേഷണമില്ലെന്ന രീതിയിൽ പോലീസ് ആസ്ഥാനത്തുനിന്നു ലഭിച്ച വിവരാവകാശ മറുപടി ഞെട്ടിക്കുന്നതാണെന്ന് സിപിഐ നേതാവും തൃശൂർ ലോക്സഭ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർഥിയുമായിരുന്ന വി.എസ്. സുനിൽകുമാർ.
പൂരം കലക്കിയത് സംബന്ധിച്ച് അന്വേഷണമേ ഉണ്ടായിട്ടില്ല എന്ന വിവരാവകാശ റിപ്പോർട്ട് അംഗീകരിക്കാനാവില്ല. പോലീസ് ആസ്ഥാനത്തുനിന്നു കൊടുത്ത മറുപടി ഞെട്ടലുണ്ടാക്കുന്നതാണ്. ജനങ്ങളെ വിഡ്ഢികളാക്കുന്ന മറുപടിയാണത്.
പൂരം അലങ്കോലമാക്കിയതിനു പിന്നിൽ ആരൊക്കെയാണെന്നറിയാൻ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വിവരാവകാശ അപേക്ഷ നൽകുമെന്നും സുനിൽകുമാർ പറഞ്ഞു. പൂരംകലക്കിയത് യാദൃശ്ചികം എന്ന് പറയാനാവില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രിത ഗൂഢാലോചന നടന്നുവെന്നും അദ്ദേഹം ആവർത്തിച്ചു.
സർക്കാരിന്റെ ഭാഗത്ത് എന്തെങ്കിലും ഉണ്ടെങ്കിൽ അത് വേഗത്തിൽ ആവട്ടെ എന്ന് കരുതിയാണ് മുഖ്യമന്ത്രിക്ക് കത്തു നൽകിയത്. യാതൊരു തരത്തിലുള്ള മറുപടിയുമില്ലാതെ നീട്ടിക്കൊണ്ടുപോകാൻ ആണെങ്കിൽ തനിക്കറിയുന്ന കാര്യങ്ങൾ ജനങ്ങളോട് തുറന്നു പറയും.
ആർക്കാണ് പങ്ക് എന്നുള്ളത് അടക്കം പുറത്തുവരണം. സിസിടിവി ദൃശ്യങ്ങൾ അടക്കം അവിടെയുണ്ട്. പൂരപ്പറന്പിൽ എം.ആർ. അജിത് കുമാറിന്റെ സാന്നിധ്യം കണ്ടില്ല. മൂന്ന് ഐപിഎസ് ഓഫീസർമാരെ കണ്ടു. പോലീസ് പറഞ്ഞിട്ടല്ല പൂരം നിർത്തിവയ്ക്കാൻ പറഞ്ഞത്. കൊച്ചിൻ ദേവസ്വം ബോർഡോ കളക്ടറോ അല്ല പൂരം നിർത്തിവയ്ക്കാൻ പറഞ്ഞത്.
മേളം പകുതിവച്ച് നിർത്താൻ പറഞ്ഞതാരാണ്. വെടിക്കെട്ട് നടത്തില്ല എന്ന് പ്രഖ്യാപിച്ചത് ആരാണ്. എന്തടിസ്ഥാനത്തിലാണ് ഇവയെല്ലാം നിർത്തിവയ്ക്കാൻ പറഞ്ഞത്. അതിനു കാരണക്കാരായ ആൾക്കാർ ആരൊക്കെയാണ് എന്ന് അറിഞ്ഞേ പറ്റൂവെന്നും സുനിൽകുമാർ ആവശ്യപ്പെട്ടു.