പൾസർ സുനി പുറത്തേക്ക്; കർശന വ്യവസ്ഥകളോടെ ജാമ്യം
Friday, September 20, 2024 2:01 PM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക് ജാമ്യം. സാക്ഷികളെ സ്വാധീനിക്കരുത്, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിധിവിട്ടു പുറത്തുപോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് എന്നീ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. രണ്ട് ആള്‍ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും കെട്ടിവയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കേസിലെ മറ്റു പ്രതികളുമായി ബന്ധം പുലര്‍ത്തരുത്, ഒരു സിം കാര്‍ഡ് മാത്രമേ ഉപയോഗിക്കാവൂ, അതിന്റെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കണം എന്നീ വ്യവസ്ഥകളും കോടതി മുന്നോട്ടു വെച്ചിട്ടുണ്ട്. പള്‍സര്‍ സുനിയുടെ സുരക്ഷ റൂറല്‍ പോലീസ് ഉറപ്പു വരുത്തണമെന്നും കോടതി ഉത്തരവിട്ടു.
കേസിലെ സാക്ഷികളെ പള്‍സര്‍ സുനി സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും, അതിനാല്‍ സാക്ഷികളെ കാണുന്നത് വിലക്കണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. എന്നാൽ, കേസില്‍ പള്‍സര്‍ സുനിയുടെ അമ്മയും സാക്ഷിയാണ്. അതിനാല്‍ അമ്മയെ കാണരുതെന്ന് പ്രതിയോട് പറയാനാകുമോയെന്ന് കോടതി ചോദിച്ചു.
ഏഴര വർഷത്തിന് ശേഷമാണ് സുനി പുറത്തിറങ്ങുന്നത്. നേരത്തെ തന്നെ സുപ്രീം കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം നൽകുന്നതിനായുള്ള വ്യവസ്ഥകളുടെ മേലുള്ള വാദത്തിനൊടുവിലാണ് സുനിയുടെ ജാമ്യം നടപ്പാക്കിയത്. ജാമ്യവ്യവസ്ഥയിൽ എന്തൊക്കെ ഉൾപ്പെടുത്താമെന്നു വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ നിലവില്‍ പ്രോസിക്യൂഷന് സാക്ഷികളെ വിസ്തരിക്കല്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. പ്രതിഭാഗം സാക്ഷികളുടെ വിസ്താരം നടക്കേണ്ടതുണ്ട്. ഇതുകൂടി കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അന്തിമവാദം കേള്‍ക്കാന്‍ ഇരിക്കെയാണ് പള്‍സര്‍ സുനി ജയില്‍ മോചിതനാകുന്നത്.