നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ വിചാരണക്കോടതി ഇന്ന് പരിഗണിക്കും
Friday, September 20, 2024 11:51 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ വിചാരണക്കോടതി ഇന്ന് പരിഗണിക്കും. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം സുനി സമര്‍പ്പിച്ച അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പരിഗണിക്കുന്നത്.
കേസില്‍ പള്‍സര്‍ സുനി ഏഴര വര്‍ഷമായി വിചാരണത്തടവിലാണ്. സുനിക്കെതിരേ നടിയെ ആക്രമിച്ച കേസ് കൂടാതെ കോട്ടയത്ത് കവര്‍ച്ച നടത്തിയ കേസും കാക്കനാട് ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസുമുണ്ട്. കവര്‍ച്ച കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
ഫോണ്‍ ഉപയോഗിച്ച കേസില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. അതിനാല്‍ കോടതി ഈ കേസില്‍ ഇന്ന് ജാമ്യം നല്‍കിയേക്കും. ബോണ്ടും ആള് ജാമ്യം ഉള്‍പ്പെടെയുള്ള ജാമ്യവ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ചാല്‍ ഇന്ന് വൈകുന്നേരത്തോടെ എറണാകുളം സബ് ജയിലില്‍നിന്നും പള്‍സര്‍ സുനി പുറത്തിറങ്ങും.