ദുലീപ് ട്രോഫിയില്‍ സഞ്ജുവിന്റെ വെടിക്കെട്ട്; 95 പന്തിൽ സെഞ്ചുറി
Friday, September 20, 2024 10:43 AM IST
അനന്ത്പുർ: ദുലീപ് ട്രോഫി ചതുർദിന ക്രിക്കറ്റിൽ ഇന്ത്യ ഡിക്കുവേണ്ടി വെടിക്കെട്ട് സെഞ്ചുറിയുമായി സഞ്ജു സാംസൺ. ഇന്ത്യ ബിക്കെതിരായ ഒന്നാം ഇന്നിംഗ്സിൽ 101 പന്തിൽ 106 റൺസാണ് സഞ്ജു അടിച്ചെടുത്തത്.
95 പന്തിലാണ് സഞ്ജു തന്റെ ശതകം തികച്ചത്. പിന്നാലെ നവദീപ് സെയ്നിയുടെ പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് വിക്കറ്റ് നല്കി താരം മടങ്ങി. 12 ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്.
ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യ ഡി അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 216 എന്ന നിലയിലായിരിക്കുന്പോഴാണ് സഞ്ജു ക്രീസിലെത്തിയത്. തുടർന്ന് വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് മലയാളി താരം കാഴ്ചവച്ചത്. നേരത്തെ ദുലീപ് ട്രോഫി ടീമില്‍ ഇടം ലഭിക്കാതിരുന്ന സഞ്ജു ഇഷാന് കിഷന് പരിക്കേറ്റതോടെയാണ് പകരക്കാരനായി ടീമിലെത്തിയത്.
അഞ്ചിന് 306 എന്ന സ്കോറില്‍ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ ഡിക്ക് സാരാന്‍ശ് ജെയിനിന്റെ (56 പന്തിൽ 26) വിക്കറ്റ് നഷ്ടമായി. പിന്നാലെ സെഞ്ചുറി തികച്ച സഞ്ജുവും പുറത്തായതോടെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഡി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സെന്ന നിലയിലാണ്. ആറ് റണ്‍സോടെ സൗരഭ് കുമാറും റണ്ണൊന്നുമെടുക്കാതെ ആകാശ് സെന്‍ ഗുപ്തയുമാണ് ക്രീസില്‍.
ഇന്ത്യ ഡിക്കുവേണ്ടി ഓപ്പണർമാരായ ദേവ്ദത്ത് പടിക്കൽ (50), എസ്. ഭരത് (52), മൂന്നാം നന്പറായ റിക്കി ഭുയി (56) എന്നിവർ അർധസെഞ്ചുറി നേടിയിരുന്നു.