അശ്വിനും ജഡേജയും രക്ഷിച്ചു; ഇന്ത്യ മികച്ച സ്കോറിലേക്ക്
Thursday, September 19, 2024 5:41 PM IST
ചെന്നൈ: രവിചന്ദ്രൻ അശ്വിന്റെ സെഞ്ചുറിയും രവീന്ദ്ര ജഡേജയുടെ അർധ സെഞ്ചുറിയും ആദ്യദിനം കരുത്തായപ്പോൾ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. ആദ്യ ദിനം കളിനിർത്തുമ്പോൾ ടീം ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 339 റൺസ് എന്ന നിലയിലാണ്.
കരിയറിലെ ആറാം ടെസ്റ്റ് സെഞ്ചുറിയുമായി തിളങ്ങിയ അശ്വിൻ 102 റൺസോടെ ക്രീസിലുണ്ട്. 86 റൺസുമായി ജഡേജയാണ് അശ്വിന് കൂട്ട്. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ ഇതുവരെ 195 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്.
ടോസ് നഷ്ടപ്പെട്ട് ചെപ്പോക്കിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ബംഗ്ലാദേശ് പേസർ ഹസൻ മഹമൂദ് അപ്രതീക്ഷിത പ്രഹരമാണ് ഏൽപ്പിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ (6), ശുഭ്മാൻ ഗിൽ (0), വിരാട് കോഹ്ലി (6) എന്നിവരെ 34 റൺസിനിടെ ഹസൻ മടക്കി.
നാലാം വിക്കറ്റിൽ യശ്വസി ജയ്സ്വാളും ഋഷഭ് പന്തും ചേർന്ന് ഇന്ത്യയെ കരകയറ്റി. സ്കോർ 96-ൽ എത്തിയപ്പോൾ 39 റൺസുമായി പന്ത് മടങ്ങി. 56 റൺസ് നേടിയ ജയ്സ്വാളും 16 റൺസുമായി കെ.എൽ.രാഹുലും മടങ്ങിയ ശേഷമാണ് ക്രീസിൽ അശ്വിൻ-ജഡേജ സഖ്യം ഒന്നിച്ചത്.
അതിവേഗത്തിൽ സ്കോർ ചെയ്ത അശ്വിൻ ബംഗ്ലാദേശ് ബൗളർമാരുടെ താളം തെറ്റിച്ചു. 112 പന്തിൽ 10 ഫോറും രണ്ട് സിക്സറുകളും പറത്തിയാണ് അശ്വിന്റെ 102 റൺസ് നേടിയത്. ജഡേജയും 10 ഫോറും രണ്ട് സിക്സും പറത്തി.
ബംഗ്ലാദേശിനായി ഹസൻ മഹ്മൂദ് നാല് വിക്കറ്റും നഹ്ദി റാണ, മെഹ്ദി ഹസൻ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.