മുൻനിരയെ തകർത്ത് ഹസൻ മഹ്മൂദ്, കരകയറ്റി ജയ്സ്വാള്‍-പന്ത് സഖ്യം; ഇന്ത്യയ്ക്ക് നാലുവിക്കറ്റ് നഷ്ടം
Thursday, September 19, 2024 1:43 PM IST
ചെന്നൈ: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ തുടക്കത്തിലെ വൻ തകർച്ചയിൽനിന്ന് ഇന്ത്യ കരകയറുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ നാലുവിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെന്ന നിലയിലാണ് ആതിഥേയർ.
അർധസെഞ്ചുറിയുമായി ഓപ്പണർ യശസ്വി ജയ്സ്വാള്‍ (56), കെ.എൽ രാഹുൽ (14) എന്നിവരാണ് ക്രീസില്‍. ഒരു ഘട്ടത്തില്‍ മൂന്നിന് 34 എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ട ശേഷമാണ് ഇന്ത്യയുടെ കരകയറ്റം.
നാലു വിക്കറ്റും സ്വന്തമാക്കിയ യുവതാരം ഹസന് മഹ്മൂദാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകര്‍ത്തത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (ആറ്), ശുഭ്മന്‍ ഗില്‍ (പൂജ്യം), വിരാട് കോഹ്ലി (ആറ്), റിഷഭ് പന്ത് (39) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ആറാമോവറിൽ തന്നെ പ്രഹരമേറ്റു. ക്യാപ്റ്റൻ രോഹിത് ശർമയെ ഹസന് മഹ്മൂദ് സ്ലിപ്പില്‍ ബംഗ്ലാ ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന് ഷാന്റോയുടെ കൈകളിലെത്തിച്ചു. പിന്നാലെയെത്തിയ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും പിടിച്ചുനില്‍ക്കാനായില്ല. അക്കൗണ്ട് തുറക്കാനാകും മുമ്പേ ലിറ്റണ്‍ ദാസിന് ക്യാച്ച് നല്കി ഗിൽ മടങ്ങി.
പ്രതിസന്ധിയിലായ ഇന്ത്യയ്ക്ക് പ്രതീക്ഷയായി ക്രീസിലെത്തിയ കോഹ്ലിയും നിരാശപ്പെടുത്തി. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റ് വച്ച് ലിറ്റണ്‍ ദാസിന് ക്യാച്ച് നല്‍കുകയായിരുന്നു. ഇതോടെ മൂന്നിന് 34 എന്ന നിലയിൽ ആതിഥേയർ ആടിയുലഞ്ഞു.
പിന്നീട് പന്ത് ജയ്സ്വാള്‍ - പന്ത് സഖ്യം രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുവരും ചേർന്ന് 62 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ സ്കോർ 96 റൺസിൽ നില്‍ക്കെ, ഹസൻ മഹ്മൂദിന്റെ അടുത്ത പ്രഹരമെത്തി. ലിറ്റൺ ദാസിന് ക്യാച്ച് നല്കി പന്ത് മടങ്ങി. 52 പന്തിൽ ആറു ബൗണ്ടറികൾ ഉൾപ്പെടെയാണ് പന്തിന്റെ വിലയേറിയ 39 റൺസ്.
പിന്നാലെ ക്രീസിലെത്തിയ കെ.എൽ. രാഹുലുമായി ചേർന്ന് യശസ്വി ജയ്സ്വാൾ സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് ഇതുവരെ 42 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. 115 പന്തിൽ ഒമ്പതു ബൗണ്ടറികൾ ഉൾപ്പെടെയാണ് യശസ്വി ജയ്സ്വാൾ 56 റൺസെടുത്തത്.
11 ഓവറിൽ നാലു മെയ്ഡൻ ഉൾപ്പെടെ 25 റൺസ് മാത്രം വഴങ്ങിയാണ് ഹസൻ മഹ്മൂദ് നാലുവിക്കറ്റ് വീഴ്ത്തിയത്.