"നീതി ഉറപ്പാക്കും': അന്നയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
Thursday, September 19, 2024 1:14 PM IST
ന്യൂഡല്‍ഹി: അമിത ജോലിഭാരം മൂലം മലയാളി യുവതി കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദസര്‍ക്കാര്‍. തൊഴില്‍ ചൂഷണത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും അന്നയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പരിശോധിക്കുമെന്നും കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി ശോഭാ കരന്തലജെ അറിയിച്ചു.
അന്വേഷണം ആവശ്യപ്പെട്ടുള്ള ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് ശോഭ കരന്തലജെ ഇക്കാര്യം അറിയിച്ചത്. "അന്ന സെബാസ്റ്റ്യന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സുരക്ഷിതമല്ലാത്തതും ചൂഷണം ചെയ്യുന്നതുമായ തൊഴില്‍ അന്തരീക്ഷത്തെക്കുറിച്ചുള്ള ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തും. നീതി ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്'- ശോഭ കരന്തലജെ എക്സില്‍ കുറിച്ചു.
ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനിയിൽ ജോലിക്ക് കയറി നാലു മാസത്തിനുള്ളിലാണ് കൊച്ചി കളമശേരി കങ്ങരപ്പടി സ്വദേശി അന്ന സെബാസ്റ്റ്യൻ (26) താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. മകളുടെ മരണം അമിത ജോലിഭാരം മൂലമാണെന്ന് ചൂണ്ടിക്കാട്ടി കമ്പനിക്കെതിരെ മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 19നാണ് അന്ന കമ്പനിയുടെ പൂന ഓഫീസില്‍ ജോലിക്ക് പ്രവേശിച്ചത്.
അന്നയുടെ സംസ്കാര ചടങ്ങുകള്‍ക്ക് ഇവൈ കമ്പനിയില്‍ നിന്ന് ആരും വന്നില്ലെന്നും കമ്പനി അധികൃതര്‍ക്ക് താന്‍ അയച്ച കത്തിന് മറുപടിയൊന്നും ലഭിച്ചില്ലെന്നും അന്നയുടെ അമ്മ പ്രതികരിച്ചു.
അമിത ജോലിഭാരമാണ് തങ്ങളുടെ മകളുടെ ജീവനെടുത്തതെന്നു കാണിച്ച് കമ്പനി മേധാവിക്ക് അന്നയുടെ അമ്മ അനിത അഗസ്റ്റ്യന്‍ കത്തയച്ചിരുന്നു. കമ്പനിയുടെ ജീവനക്കാരോടുള്ള നയമാണ് മകളുടെ മരണത്തിന് കാരണമെന്നും സംഭവശേഷം നാല് മാസത്തോളമായി കമ്പനി തുടരുന്ന മനോഭാവത്തെയും കുറിച്ചാണ് അവർ കമ്പനി മേധാവി രാജീവ് മേമാനിയെ അഭിസംബോധന ചെയ്ത് കത്ത് അയച്ചത്.
സ്കൂളിലും കോളജിലും എല്ലാ പരീക്ഷകളിലും ഉന്നത വിജയം നേടിയ അന്ന ഇവൈയിലും കഠിനമായി ജോലി ചെയ്തു. അമിത ജോലിഭാരവും പുതിയ അന്തരീക്ഷവും മകളെ ശാരീരികമായും മാനസികമായും തളര്‍ത്തി. മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് നെഞ്ചുവേദനയായിട്ട് അന്നയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. ഉറക്കമില്ലായ്മയും സമയം തെറ്റിയുള്ള ഭക്ഷണക്രമവുമാണ് നെഞ്ചുവേദനയ്ക്ക് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ജൂലൈ ആറിന് പൂനയില്‍ നടന്ന അന്നയുടെ സിഎ കോണ്വൊക്കേഷന് മാതാപിതാക്കള്‍ പങ്കെടുത്തിരുന്നു. ജോലിത്തിരക്ക് കാരണം മാതാപിതാക്കള്‍ക്കൊപ്പം അധികനേരം ചെലവഴിക്കാന്‍ അന്നയ്ക്ക് അന്ന് കഴിഞ്ഞില്ലെന്നും കത്തില്‍ പറയുന്നു.
അതേസമയം, അന്നയുടെ കുടുംബത്തിന്റെ കത്ത് ഞങ്ങൾ അതീവ ഗൗരവത്തോടെയും വിനയത്തോടെയും എടുക്കുന്നുവെന്നും എല്ലാ ജീവനക്കാരുടെയും ക്ഷേമത്തിന് ഏറ്റവും ഉയർന്ന പ്രാധാന്യം നൽകുന്നുവെന്നും കമ്പനി കത്തിന് മറുപടിയായി അറിയിച്ചു.
ഇന്ത്യയിലെ ഇവൈ സ്ഥാപനങ്ങളിലുടനീളമുള്ള ഞങ്ങളുടെ പതിനായിരത്തോളം ജീവനക്കാർക്ക് ആരോഗ്യകരമായ ജോലിസ്ഥലം നൽകുന്നതിനുള്ള വഴികൾ കണ്ടെത്തുന്നത് തുടരും. കുടുംബത്തിനുണ്ടായ നഷ്ടം നികത്താൻ ഒരു നടപടിക്കും കഴിയില്ലെങ്കിലും, ദുരിത സമയങ്ങളിൽ ഞങ്ങൾ എപ്പോഴും ചെയ്യുന്നതുപോലെ എല്ലാ സഹായങ്ങളും നൽകിയിട്ടുണ്ട്. അത് തുടരുമെന്നും കമ്പനി അറിയിച്ചു.