പരിശ്രമത്തിനൊടുവില്‍ സന്തോഷം; കുഴല്‍ക്കിണറില്‍ വീണ രണ്ടരവയസുകാരിയെ രക്ഷപെടുത്തി
Thursday, September 19, 2024 11:43 AM IST
ജയ്പുര്‍: രാജസ്ഥാനിലെ ദൗസയിലെ ബാന്ഡ്കുയിയില് കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരിയെ രക്ഷപെടുത്തി. 18 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ രക്ഷിച്ചത്. ബുധനാഴ്ചയാണ് അപകടമുണ്ടായത്.
വീടിന് സമീപത്തെ കൃഷിയിടത്തില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നീരു എന്ന പെണ്‍കുട്ടിയാണ് കുഴല്‍ക്കിണറില്‍ വീണത്. തുടര്‍ന്ന് പ്രാദേശിക ഭരണകൂടം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും കുട്ടിയ്ക്കായി അപകടസ്ഥലത്തെത്തി.
ഓക്സിജന്‍ നല്‍കുന്നതിനായി മെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു. നിലവില്‍ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.