ചെപ്പോക്കിൽ ബംഗ്ലാദേശിന് ടോസ്; ഇന്ത്യയ്ക്ക് ബാറ്റിംഗ്
Thursday, September 19, 2024 9:49 AM IST
ചെന്നൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ബംഗ്ലാദേശ് നായകൻ നജ്മുല്‍ ഹുസൈന് ഷാന്റോ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
പിച്ചിലെ ഈര്‍പ്പം മുതലെടുക്കാനാണ് ആദ്യം ബൗളിംഗ് തെരഞ്ഞെടുത്തതെന്ന് നജ്മുല്‍ ഹുസൈന് ഷാന്റോ പറഞ്ഞു. ആദ്യ സെഷന് സീമര്‍മാര്‍ക്ക് വളരെ നല്ലതായിരിക്കും. ഞങ്ങള്‍ മൂന്ന് സീമര്‍മാരുമായാണ് ഇറങ്ങുന്നതെന്നും ഷാന്റോ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ടോസ് നേടിയിരുന്നെങ്കില്‍ തങ്ങളും ആദ്യം ബാറ്റിംഗ് ചെയ്യുമായിരുന്നെന്ന് ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ പറഞ്ഞു. ഇത് വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളായിരിക്കും. ഞങ്ങള്‍ നന്നായി തയാറായിട്ടുണ്ട്. മൂന്ന് സീമര്‍മാരും രണ്ട് സ്പിന്നര്‍മാരും ടീമിലുണ്ടെന്നും രോഹിത് പറഞ്ഞു.
2023-25 ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിന്റെ ഭാഗമായുള്ള രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരം ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്. ഇന്ത്യ അഞ്ചു മാസങ്ങൾക്കുശേഷമാണ് ടെസ്റ്റിന് ഇറങ്ങുന്നത്. ബംഗ്ലാദേശാണെങ്കിൽ പാക്കിസ്ഥാനെ അവരുടെ നാട്ടിൽച്ചെന്ന് കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ്.
കരുത്തരായ ന്യൂസിലൻഡ്, ഓസ്ട്രേലിയ ടെസ്റ്റ് പരന്പരകൾക്കു മുന്‍പ് ഇന്ത്യക്കുള്ള വെല്ലുവിളിയാണ് ബംഗ്ലാദേശിനെതിരേയുള്ള ടെസ്റ്റ് പരന്പര. ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഫൈനലിനു മുന്‍പ് ന്യൂസിലൻഡ്, ഓസ്ട്രേലിയ ടീമുകളെയാണ് ഇനി നേരിടാനുള്ളത്.
ബംഗ്ലാദേശിനെതിരേ ഇതുവരെ ഇന്ത്യക്ക് ടെസ്റ്റ് മത്സരങ്ങളൊന്നും നഷ്ടമായിട്ടില്ല. കഴിഞ്ഞ 13 മത്സരങ്ങളിൽ 11ലും ഇന്ത്യ ജയിച്ചപ്പോൾ രണ്ടെണ്ണം സമനിലയായി. പുതിയ ബംഗ്ലാദേശിനെ വിലകുറച്ചു കാണാനാവില്ല. കഴിഞ്ഞ മാസം പാക്കിസ്ഥാനെതിരേ രണ്ടു ടെസ്റ്റ് മത്സരങ്ങളുടെ പരന്പരയിൽ സന്പൂർണ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാൾ, ശുഭ്മന്‍ ഗിൽ, വിരാട് കോഹ്ലി, കെ.എൽ. രാഹുൽ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
ബംഗ്ലാദേശ് പ്ലേയിംഗ് ഇലവൻ: ഷദ്മാൻ ഇസ്ലാം, സക്കീർ ഹസൻ, നജ്മുൽ ഹുസൈൻ ഷാന്റോ (ക്യാപ്റ്റന്‍), മോമിനുൾ ഹഖ്, മുഷ്ഫിഖുർ റഹീം, ഷക്കിബ് അൽ ഹസൻ, ലിറ്റൺ ദാസ് (വിക്കറ്റ് കീപ്പർ), മെഹിദി ഹസൻ മിറാസ്, ടസ്കിൻ അഹമ്മദ്, ഹസൻ മഹ്മൂദ്, നഹിദ് റാണ.