രഹസ്യമൊഴി വിചാരണയ്ക്ക് മുമ്പുതന്നെ പ്രതികള്‍ക്ക് കൈമാറണം: ഹൈക്കോടതി
Thursday, September 19, 2024 2:26 AM IST
കൊച്ചി: പരാതിക്കാര്‍ മജിസ്ട്രേറ്റിനു മുന്നില്‍ നല്കുന്ന രഹസ്യമൊഴിയുടെ വായനായോഗ്യമായ പകര്‍പ്പുകള്‍ വിചാരണയ്ക്കു മുമ്പുതന്നെ പ്രതികള്‍ക്കു കൈമാറണമെന്നു ഹൈക്കോടതി. ക്രോസ് വിസ്താരത്തിനിടെ പ്രതികള്‍ക്കു പരാതിക്കാരുടെ വാദങ്ങള്‍ ഖണ്ഡിക്കാന്‍ ഇത് അനിവാര്യമാണ്. പ്രതികള്‍ക്ക് ഇതിനുള്ള ഭരണഘടനാപരമായ അവകാശമുണ്ടെന്നും ജസ്റ്റീസ് എ. ബദറുദ്ദീന്‍ വ്യക്തമാക്കി.
പനങ്ങാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിക്ക് ലഭിച്ച 164 മൊഴിയുടെ പകര്‍പ്പ് അവ്യക്തമായിരുന്നു. വായനായോഗ്യമായ പകര്‍പ്പിനായി പ്രതി നേരത്തേ പ്രത്യേക സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. വിചാരണ വേളയില്‍ ബന്ധപ്പെട്ട മജിസ്ട്രേറ്റിനെ സമന്‍സ് അയച്ചുവരുത്തി വ്യക്തത തേടുകയാണ് ഏക പോംവഴിയെന്നും പ്രത്യേക കോടതി ഉത്തരവിട്ടു.
എന്നാല്‍ ഇത് ന്യായീകരിക്കാവുന്നതല്ലെന്നു ഹൈക്കോടതി വിലയിരുത്തി. നീതിപൂര്‍വമായ വിചാരണ പ്രതികളുടേയും അവകാശമാണ്. മജിസ്ട്രേറ്റിനെ വിളിച്ചുവരുത്തിയാലും പ്രോസിക്യൂഷന് ശരിയായി വിസ്തരിക്കുമെന്നു പറയാനാകില്ല. അങ്ങനെ വന്നാല്‍ പ്രതിയുടെ അവകാശം ഹനിക്കപ്പെടും. അതിനാല്‍ ഹര്‍ജിക്കാരനു വായനായോഗ്യമായ പകര്‍പ്പ് 15 ദിവസത്തിനകം നല്‍കണമെന്നു കോടതി നിര്‍ദേശം നല്കി.