രാജസ്ഥാനിൽ രണ്ടര വയസുകാരി കുഴൽക്കിണറിൽ വീണു
Wednesday, September 18, 2024 11:19 PM IST
ജയ്പൂർ: രാജസ്ഥാനിലെ ദൗസയിലെ ബാൻഡ്കുയിയിൽ രണ്ടര വയസുകാരി കുഴൽക്കിണറിൽ വീണു. 35 അടി താഴ്ചയിലാണ് കുട്ടി വീണത്.
അധികൃതർ സംഭവസ്ഥലത്തെത്തി പെൺകുട്ടിയെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. മഴ മൂലം രക്ഷാപ്രവർത്തനം വെല്ലുവിളി നേരിടുന്നുണ്ട്. പൈപ്പ് വഴി കുട്ടിക്ക് ഓക്സിജൻ നൽകിവരികയാണ്. രക്ഷാപ്രവർത്തനത്തിന് എസ്ഡിആർഎഫിനെയും എൻഡിആർഎഫിനെയും വിളിച്ചിട്ടുണ്ട്.
വീടിന് സമീപത്തെ കൃഷിയിടത്തിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നീരു എന്ന പെൺകുട്ടിയാണ് കൃഷിയിടത്തിന്റെ ഒരു മൂലയിലുള്ള കുഴൽക്കിണറിൽ വീണത്. വൈകുന്നേരം അഞ്ചോടെ പെൺകുട്ടി കുഴിയിൽ വീണതിനെക്കുറിച്ച് വിവരം ലഭിച്ചതായി ബന്ദികുയി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രേംചന്ദ് പറഞ്ഞു.
അഡീഷണൽ ജില്ലാ കളക്ടർ സുമിത്ര പരീഖ്, ബസവ എസ്ഡിഎം രേഖ മീണ എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി മൂന്ന് ജെസിബികളുടെയും ഒരു ട്രാക്ടറിന്റെയും സഹായത്തോടെ കുഴൽക്കിണറിന്റെ സമീപത്ത് നിന്നും 15 അടിയോളം കുഴിയെടുക്കൽ ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.